ഹൈദരാബാദ്: മകളുടെ ആറു വയസ്സുള്ള കൂട്ടുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. മലക്‌പേട്ടയിലെ ഗാന്ധിനഗര്‍ സ്വദേശി ശ്രീനിവാസ് (30) ആണ് അറസ്റ്റിലായത്. കൂലിപ്പണിക്കാരനായ ഇയാള്‍ വ്യാഴാഴ്ച രാത്രിയാണ് കുട്ടിയെ പീഡിപ്പിച്ചത്. തെരുവോര കച്ചവടക്കാരന്റെ മകളാണ് മാനഭംഗത്തിനിരയായത്.

വ്യാഴാഴ്ച വൈകിട്ട് ശ്രീനിവാസും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. ഇതേതുടര്‍ന്ന് അവര്‍ മൂത്ത മൂന്നു കുട്ടികളെയും കൂട്ടി വീട്ടില്‍ നിന്ന് പോയി. ഈ സമയം ഇവരുടെ നാലാമത്തെ കുട്ടി ഏഴുവയസ്സുകാരിയെ വീട്ടില്‍ നിര്‍ത്തിയിരുന്നു. രാത്രി ഈ കുട്ടിക്ക് കൂട്ടിനായ എത്തിയതായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടി. 

ഇരുവരും ഉറങ്ങിക്കിടക്കുമ്പോഴാണ് മദ്യലഹരിയില്‍ വീട്ടിലെത്തിയ ശ്രീനിവാസ് ആറുവയസ്സുകാരിയെ പീഡിപ്പിച്ചതെന്ന് മലക്‌പേട്ട് ഇന്‍സ്‌പെക്ടര്‍ എ. ഗംഗറെഡ്ഡി പറഞ്ഞു. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ കുട്ടി വേദനമൂലം കരഞ്ഞതിനെ തുടര്‍ന്ന് പിതാവ് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. 

പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ശ്രീനിവാസനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ ഐ.പി.സി 376 (മാനഭംഗം), പിഒസിഎസ്ഒ ആക്ട് എന്നിവ പ്രകാരം കേസെടുത്തു.