മധ്യപ്രദേശിലെ ഉമാറിയയിലാണ് സംഭവം

ഭോപ്പാല്‍: മദ്യലഹരിയില്‍ മുതിര്‍ന്ന ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. മധ്യപ്രദേശിലെ ഉമാറിയയിലാണ് സംഭവം. ഉമാറിയ പൊലീസ് അക്കാഡമിയിലെ രാം അവ്തര്‍ റാവത്ത് (28) എന്ന ട്രെയിനി കോണ്‍സ്റ്റബിളാണ് പിടിയിലായത്. 

കോടതിയില്‍ അതിക്രമിച്ചു കടന്നുവെന്ന കുറ്റത്തിനാണ് ഇയാളെ ജയിലടച്ചത്. മദ്യലഹരിയില്‍ ഇയാള്‍ ശനിയാഴ്ച രാത്രിയാണ് ജില്ലാ ജഡ്ജിയുടെ മുറിയില്‍ കയറിയത്. ഒഴിഞ്ഞു കിടന്ന മുറിയിലെ ജഡ്ജിയുടെ കസേരയില്‍ ഇരുന്ന് ഇയാള്‍ സെല്‍ഫികളെടുത്തതായും കോഠ്വാലി പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആര്‍.ബി സോണി പറഞ്ഞു. കോടതിയിലെ പ്യൂണ്‍ ശക്തി സിങ് ഇയാളെ കയ്യോടെ പിടികൂടുകയും കോടതി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ പൊലീസ് റാവത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 448-ാം വകുപ്പ് പ്രകാരം റാവത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥ സരിക ശര്‍മ പറഞ്ഞു.