മുള്ളരിക്കുടി സ്വദേശികളായ കുന്തനാനിക്കല്‍ സുരേന്ദ്രന്‍ എന്ന സുരസ്വാമിയും, വരിക്കാനിക്കല്‍ ബാബു എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്

അടിമാലി: യാതൊരു തെളിവുമില്ലാതെ പതിനൊന്നുമാസം മുമ്പ് അന്വേഷണം അവസാനിപ്പിച്ച കൊലപാതക കേസില്‍ പ്രതി പിടിയില്‍. കുന്നനാനിത്തണ്ടിലെ പാറയിടുക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് മാസങ്ങള്‍ക്ക് ശേഷം പ്രതി പിടിയിലായത്. മദ്യ ലഹരിയില്‍ കൊലപാതക വിവരം വെളിപ്പെടുത്തിയ കൊല്ലപ്പെട്ടയാളുടെ സുഹൃത്തുക്കളായ രണ്ടുപേരെ പോലസീസ് അറസ്റ്റു ചെയ്തു. 

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, മുള്ളരിക്കുടി സ്വദേശികളായ കുന്തനാനിക്കല്‍ സുരേന്ദ്രന്‍ എന്ന സുരസ്വാമിയും, വരിക്കാനിക്കല്‍ ബാബു എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പ്രകോപിതരായ പ്രതികള്‍ സജീവനെ 150 അടി താഴ്ചയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ജനുവരി 26-ന് രാവിലെ മുള്ളരിക്കുടിയിലെ കുന്നനാനിത്തണ്ടിനു സമീപമുള്ള പാറക്കെട്ടിന് താഴെയുള്ള കൃഷിയിടത്തിലാണ് സജീവന്‍റെ മൃതദേഹം കണ്ടെത്തിയത്. സജീവന്‍ ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ താഴെയിറങ്ങി മൃതദേഹത്തില്‍നിന്ന് മുണ്ട് അഴിച്ചെടുത്ത് പാറയുടെ മുകളില്‍ കൊണ്ടിടുകയും ആത്മഹത്യയാണെന്ന പ്രചാരണവും നടത്തി. 

സജീവന്റെ ഭാര്യ വിജയകുമാരി കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി കെബി വേണുഗോപാലിന് പരാതി നല്‍കുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തുകയും ചെയ്തു.
ഒരു മദ്യപാന സദസ്സില്‍ മദ്യപിച്ച് ലക്കുകെട്ട ബാബു താന്‍ ഒരാളെ കൊന്നു കൊക്കയിലെറിഞ്ഞിട്ടും ആരും ചോദിച്ചിട്ടില്ലെന്നു പറഞ്ഞതോടെ നാട്ടുകാര്‍ക്ക് സംശയമായി. 

ഇവര്‍ അന്വേഷണ സംഘത്തെ വിവരമറിയിച്ചു. തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരെയും അടിമാലി കോടതിയില്‍ ഹാജരാക്കി.