തിരുവനന്തപുരം: അട്ടക്കുളങ്ങര സബ്ജയിലിനു സമീപം മദ്യലഹരിയിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പരുക്കേറ്റ് മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരുന്ന ആൾ മരിച്ചു. മർദിച്ച യുവാവിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. തെരുവിൽ ആക്രി സാധനങ്ങൾ എടുത്തു വിറ്റുവരുന്ന തമിഴ്നാട് സ്വദേശി മുരുകൻ (42)ആണു മരിച്ചത്. ഇയാളോടൊപ്പം ആക്രി സാധനങ്ങൾ പെറുക്കി വന്ന ജയൻ (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടായിരുന്നു ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. 

മുൻപു കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്ന മുരുകന് ഏറ്റുമുട്ടലിൽ കാലിനാണു പരുക്കേറ്റത്. അവശനായി റേ‌ാഡരികിൽ കിടന്ന മുരുകനെ പൊലീസെത്തി 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. സ്വന്തമായി കിടപ്പാടമില്ലാത്ത ഇരുവരും കടവരാന്തകളിലാണ് അന്തിയുറങ്ങുന്നതെന്നു പൊലീസ് പറഞ്ഞു. എസ്ഐ. ഷാജിമോന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.