നാലുലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് കള്ളിമാലിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്.  

ഇടുക്കി: ഡിറ്റിപിസി കള്ളിമാലിയെ അവഗണിച്ചപ്പോള്‍ പദ്ധതി ഒരുക്കി പഞ്ചായത്ത് രംഗത്ത്. കള്ളിമാലിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനും നടപടി ആരംഭിച്ചു. നാലുലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് കള്ളിമാലിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്.

കള്ളിമാലിയുടെ വികസനത്തിന് ലക്ഷങ്ങള്‍ വിവിധ ഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ആരംഭിച്ചിരുന്നില്ല. മാത്രമല്ല ഒരേ ഘട്ടത്തില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഒന്നായ ശ്രീനാരായണപുരത്ത് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ ഡിറ്റിപിസിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തുകയും കള്ളിമാലി വികസന സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 

രാജാക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അനിലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നിലവില്‍ നാല് ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വെയിറ്റിംഗ് ഷെഡ്, കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍, സോളാര്‍ ലൈറ്റുകള്‍, പ്രവേശന കവാടം എന്നിവ ആദ്യ ഘട്ടത്തില്‍ നിര്‍മ്മിയ്ക്കും. നിലവില്‍ മുടങ്ങി കിടക്കുന്ന ഡിറ്റിപിസിയുടെ ഒരു കോടി രൂപയുടെ പദ്ധതി പുനരാരംഭിയ്ക്കുന്നതിനുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.