രാവിലെ എട്ടോടെയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോണ്‍ അഥവാ ആളില്ലാ പേടകം കണ്ടെത്തിയത്. വിമാന പാതയില്‍ ഡ്രോണ്‍ പറക്കുന്നതാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ അതീവ ജാഗ്രത പ്രഖ്യാപിക്കുകയും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയും ചെയ്തു. വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയരുന്നതും ഇറങ്ങുന്നതും നിരോധിച്ചു.
രാവിലെ എട്ട് കഴിഞ്ഞ് എട്ട് മിനിറ്റായപ്പോഴാണ് വിമാനത്താവളം അടയ്ക്കുന്നതായുള്ള അറിയിപ്പ് വന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡ്രോണ്‍ കണ്ടെത്തി. ഈ ആളില്ലാ പേടകം അനധികൃതമാണെന്ന് വ്യക്തമാവുകയും ചെയ്തു. അപകടകരമായ യാതൊരും സാധ്യതയും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം രാവിലെ 8.35 ഓടെ വിമാനത്താവളം തുറന്നു.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടത് നിരവധി വിമാന സര്‍വീസുകളെ ബാധിച്ചു. രാവിലെ ഒന്‍പതോടെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പൂര്‍വസ്ഥിതിയില്‍ ആയത്. വിമാനത്താവള പരിസരത്ത് അനധികൃതമായി ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡ്രോണുകളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമം കൊണ്ട് വരാന്‍യു.എ.ഇ ഈയിടെ തീരുമാനിച്ചിരുന്നു.