ദുബായ്: പതിനൊന്നുവര്‍ഷത്തെ വിശ്വസ്ത സേവനത്തിന് വീട്ടുജോലിക്കാരിക്ക് സ്വന്തമായി വീടും യുഎഇ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള സഹായവും നല്‍കി ദുബായില്‍ താമസിക്കുന്ന ഐറിഷ് കുടുംബം. ഫിലീപ്പീൻസ് സ്വദേശിയായ ഏപ്രിൽ റോസ് മാഴ്സലീനോ ഗാറ്റിനാണ് ഹൊറാൻ കുടുംബം വീട് സമ്മാനമായി നൽകിയത്. വീടും സ്ഥലവും നൽകിയതിനു പുറമെ റോസിനു നാട്ടിലേക്കു പോകുമ്പോഴുള്ള ചിലവുകള്‍ വഹിക്കുന്നതും ഹൊറാൻ ദമ്പതികളാണ്. റോസിന്റെ അച്ഛനു രോഗം വന്നപ്പോൾ ചികിൽസിക്കാനുള്ള പണം നൽകിയതും ഈ കുടുംബമാണ്.
ദുബായിൽ താമസിക്കുന്ന ഐറിഷ് ദമ്പതികളായ ഹെന്‍റി, എലെയ്ൻ ഹൊറാൻ എന്നിവരുടെ കൂടെയാണ് 11 വർഷമായി റോസ് ജീവിക്കുന്നത്. സൗദിയില്‍ ജോലി ചെയ്യുമ്പോൾ റോസിന്റെ പിതാവിന്റെ മാനസിക നില തകരാറിലാകുകയായിരുന്നു. എന്നാൽ വിദഗ്‍ധ ചികിൽസയുടെ ഫലമായി രോഗം ഭേദമായി.
ലൈസൻസ് ലഭിക്കാനുള്ള സാഹചര്യം കൈവന്നതോടെ പുതിയ കാർ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഏപ്രിൽ റോസ്. 2006ൽ ഹൊറാൻ കുടുംബം ബ്രൂണെയിൽ താമസിക്കുമ്പോഴാണ് റോസ് ഇവർക്കൊപ്പം എത്തുന്നത്. 2009ൽ ഇവർ ദുബായിലെത്തിയപ്പോൾ റോസിനെയും കൂടെക്കൂട്ടുകയായിരുന്നു.
