ഫോട്ടോ ഫ്രെയിമിന്റെ മാതൃകയിലുള്ള പടുകൂറ്റന്‍ ഗോപുരം. ലോകത്തിന് കാഴ്ചയുടെ പുതിയ വിസമയങ്ങള്‍ സമ്മാനിക്കാന്‍ ദുബായി ഫ്രെയിമിന്റെ ജോലികള്‍ അവസാനഘട്ടത്തിലേക്ക് കടന്നതായി ദുബായി നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. 220 ദശലക്ഷം ദിര്‍ഹം ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. 150 മീറ്റര്‍ ഉയരവും 93 മീറ്റര്‍ വീതിയുമുള്ള രണ്ടു കൂറ്റന്‍ തൂണുകളും ഇവയെ ബന്ധിപ്പിക്കുന്ന 100 ചതുരശ്ര മീറ്റര്‍ പാലവുമാണ് ദുബായി ഫ്രെയിമിലുള്ളത്. ഫ്രെയിമിന്റെ ഒരു വശത്ത് പുരാതന ദുബായിയുടെ ഭാഗമായ കരാമ, ഉമ്മു ഹുറൈര്‍, ബര്‍ദുബൈ, ദേര, എന്നിവയും മറുവശത്ത് ആധുനിക ദുബായുടെ ഭാഗമായ ബുര്‍ജ് ഖലീഫ സ്ഥിതിചെയ്യുന്ന ഡൗണ്‍ ടൗണ്‍ അടക്കമുള്ള ഭാഗങ്ങളും ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക് കാണാന്‍ സാധിക്കും. ദുബൈ ഫ്രെയിമിന്റെ ഏറ്റവും താഴത്തെ നിലയില്‍ ദുബായുടെ വളര്‍ച്ച വ്യക്തമാക്കുന്ന മ്യൂസിയം സജ്ജീകരിക്കും. എമിറേറ്റിന്റെ അതിവേഗത്തിലുള്ള വളര്‍ച്ച സന്ദര്‍ശകന് ഇവിടെ ഒരുക്കുന്ന വീഡിയോ സ്‌ക്രീനിന്റെ സഹായത്തോടെ മനസ്സിലാക്കാം. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ദുബായിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി ദുബായി ഫ്രെയിം മാറും.