ഗ്ലോബല്‍ വില്ലേജിന്റെ മുക്കിലും മൂലയിലും ക്യാമറ സ്ഥാപിച്ചാണ് നിരീക്ഷണം

ദുബായ്: ഗ്ലോബല്‍ വില്ലേജിന്റെ സുഗമമായ നടത്തിപ്പിനായി ശാസ്ത്രീയമായ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുകയാണ് പൊലീസ് കണ്‍ട്രോള്‍ റൂം. ഗ്ലോബല്‍ വില്ലേജിന്റെ മുക്കിലും മൂലയിലും ക്യാമറ സ്ഥാപിച്ചാണ് നിരീക്ഷണം ഉറപ്പാക്കിയതെന്ന് പൊലീസ് കണ്‍ട്രോള്‍ റൂം മേധാവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോകം സംഗമിക്കുന്ന ഗ്ലോബല്‍ വില്ലേജ് നിയന്ത്രിക്കുന്നത് ദുബായ് പോലീസിന്‍റെ ഈ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്. 

സന്ദര്‍ശക സമയമായ വൈകിട്ട് നാലുമണി മുതല്‍ പുലര്‍ച്ചെ രണ്ടുവരെ പ്രധാനവേദിക്കരികിലെ ഈ സ്റ്റേഷന്‍ സജീവമായിരിക്കും. ഓരോ ഇരുന്നൂറുമീറ്ററിലും റാന്തുചുറ്റുന്ന പൊലീസുകാരെ കാണാം. വനിതകളടക്കം 130 ഉദ്യോഗസ്ഥര്‍ ഒരേ സമയത്ത് ഇവിടെ ജോലിചെയ്യുന്നു. ഇലക്ട്രിക് ബൈക്ക്, ആംബുലന്‍സ്, അഗ്നിശമനസേനാവിഭാഗം എന്നിവയെല്ലാം ഗ്ലോബല്‍ വില്ലേജിലെ പൊലീസ് സ്റ്റേഷനില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്

പാര്‍ക്കിംഗ് ഏരിയ മുതല്‍ പവലിയനുകളില്‍ ഉള്‍പ്പെടെ 247 നിരീക്ഷണ കാമറകളാണ് ആഗോളഗ്രാമത്തിലുള്ളത്. വാഹനങ്ങളെ കടത്തിവിടാനും സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ വന്നുപോകാനും കവാടത്തിനരികെ ട്രാഫിക് പൊലീസുകാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഗ്ലോബല്‍ വില്ലേജിന്‍റെ ഇരുപത്തി മൂന്നാം പതിപ്പിന് തിരശ്ശീല വീഴാന്‍ ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെ ദുബായ് പൊലീസിന് അഭിമാനിക്കാം.