ഡ്രൈവറില്ലാത്ത സ്വയം ഓടുന്ന വാഹനങ്ങളാണ് ഇനി ദുബായ് നിരത്തുകളെ കൈയടക്കാന്‍ പോകുന്നത്. ഇതിനകം തന്നെ ഇത്തരം വാഹനങ്ങള്‍ പരീക്ഷണ ഓട്ടം തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം സംബന്ധിച്ച റൂട്ട്മാപ്പ് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി പുറത്തിറക്കി. ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് അറിയിപ്പുണ്ടായത്.
ഡ്രൈവറില്ലാത്ത ബസുകളും ടാക്‌സികളുമെല്ലാം ദുബായിലെ സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തിന്റെ ഭാഗമാണ്. 2021 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള 34 പദ്ധതികള്‍ ദുബായില്‍ നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം. ലോകത്തിലെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കി ദുബായിയെ മാറ്റുക എന്ന ഉദ്ദേശത്തിലാണ് പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി 29 വേറിട്ട പദ്ധതികള്‍ നടപ്പിലാക്കിയതായി ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.
കരയിലൂടെ മാത്രമല്ല വെള്ളത്തിലൂടെയും ആകാശത്ത് കൂടെയുമുള്ള സ്മാര്‍ട്ട് ഗതാഗത സംവിധാനങ്ങളാണ് നടപ്പിലാക്കുകയെന്ന് അധികൃതര്‍ വിശദീകരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ യാത്രാ സംവിധാനമായ ഹൈപ്പര്‍ലൂപ്പ് ആദ്യം വരുന്നതും ദുബായിലായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
