ദുബായ്: ദുബായില്‍ 12മണിക്കൂര്‍ സുപ്പര്‍സെയില്‍. വാറ്റ് നടപ്പാക്കുന്നതിനു മുന്നോടിയായി വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ 90 ശതമാനം വിലക്കിഴിവിന്‍റെ സൂപ്പര്‍സെയില്‍ ഒരുക്കിയാണ് ഉപഭോക്താക്കള്‍ക്ക് അപൂര്‍വാവസരം ഒരുക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദുബായിലെ 3000 റിട്ടെയില്‍ ഔട്ട്ലെറ്റുകള്‍ 90ശതമാനം വരെ വിലക്കിഴിവിന്‍റെ പന്ത്രണ്ടു മണിക്കൂര്‍ സൂപ്പര്‍സെയില്‍ നടത്തി. അടുത്തമാസം ഒന്നു മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നതിനു മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് അധികൃതര്‍ ഒരുക്കിയത്. വസ്ത്രങ്ങള്‍ പാദരക്ഷകള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങളെല്ലാം സ്വന്തമാക്കാന്‍ പ്രവര്‍ത്തി ദിനമായിട്ടുപോലും ആയിരങ്ങള്‍ വ്യാപാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. 

200 ദിര്‍ഹമോ കൂടുതലോ ചെലവഴിക്കുന്നവര്‍ക്ക് അരലക്ഷം ദിര്‍ഹം വരെ സമ്മാനം ലഭിക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കാനും അവസരമുണ്ട്. വിജയികളെ പുലര്‍ച്ചയോടെ പ്രഖ്യാപിക്കും. നൂറോളം മുന്‍നിര കമ്പനികളുടെ ഉല്‍പന്നങ്ങള്‍ സൂപ്പര്‍ സെയിലില്‍ ഇടംനേടി. വലിയ ഇളവുകളോടെ സാധനങ്ങള്‍ വാങ്ങിക്കാനുള്ള അവസരം ഉപഭോക്താക്കള്‍ ഉപയോഗപ്പെടുത്തിയതായി ഡിഎഫ്ആര്‍ഇ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സയീദ് അല്‍ ഫല്‍സി പറഞ്ഞു.