നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി.

തിരുവനന്തപുരം: നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി. അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാ​ഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാ​ഗ്യലക്ഷ്മി തുറന്നടിച്ചു. ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവിൽ വിധി പറഞ്ഞത് കീഴ്ക്കോടതി മാത്രമാണ്. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും ഫെഫ്കയെ ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. ദിലീപ് അപേക്ഷ നൽകിയാൽ സംഘടനകളിലേക്ക് തിരിച്ചെടുക്കുമെന്ന് ബി ഉണ്ണിക്കൃഷ്ണൻ ഇന്നലെ പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ സാങ്കേതികമായും ധാര്‍മികമായും ഗുരുതര എതിര്‍പ്പ് രേഖപ്പെടുത്തിയാണ് ഭാഗ്യലക്ഷ്മി രാജി വെച്ചിരിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് ഭാഗ്യലക്ഷ്മി വിഷയത്തിൽ പ്രതികരിച്ചത്. ഇന്നലെ വിധി വന്ന സമയത്ത് അതിജീവിതക്കൊപ്പമുണ്ടായിരുന്നു. അവര്‍ കടന്നുവന്ന വേദനകള്‍ ഇത്രയും വര്‍ഷം ഒപ്പം നിന്ന് കണ്ട വ്യക്തിയാണ് താൻ എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഘടനാപരമായി ബൈലോയുടെ ലംഘനമാണ് സംഘടനയിൽ നടക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. ഒരാളെ ഗുരുതര കുറ്റകൃത്യത്തിൽ, കേസിൽ പ്രതിയായി പുറത്താക്കുകയും പിന്നീട് കോടതി വെറുതെ വിട്ടു എന്ന പേരിൽ ഉടൻ തന്നെ തിരിച്ചെടുക്കുക എന്നുള്ളത് ബൈലോയ്ക്ക് വിരുദ്ധമാണ് എന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.