പൊലീസ് അസോസിയേഷനുകളുടെ അംഗത്വ പുനഃസംഘടന ചോദ്യം ചെയ്ത് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ഈ നീക്കം പൊലീസ് സേനയുടെ അച്ചടക്കത്തെ ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
കൊച്ചി: പൊലീസ് അസോസിയേഷനുകളുടെ അംഗത്വ പുനഃസംഘടന ചോദ്യം ചെയ്ത് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തിൽ സർക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും അത് പൂർണ്ണമായും റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. നേരത്തെ സമാന വിഷയത്തിൽ കേരള പൊലീസ് അസോസിയേഷനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നിയമപോരാട്ടത്തിലേക്ക് കടന്നിരിക്കുന്നത്.
സർവീസ് അസോസിയേഷനുകളെ ഇല്ലാതാക്കാനോ, ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അസോസിയേഷന്റെ ബൈലോ ഭേദഗതി ചെയ്യാനോ സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്. നിലവിലുള്ള അസോസിയേഷനുകളെ ലയിപ്പിക്കാനോ, ഒരു അസോസിയേഷനിലെ അംഗങ്ങളെ മറ്റ് അസോസിയേഷനുകളിലേക്ക് മാറ്റി സ്ഥാപിക്കാനോ സംസ്ഥാന സർക്കാരിന് നിയമപരമായ അധികാരപരിധിയില്ലെന്ന് ഹർജിയിൽ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പൊലീസ് ഇൻസ്പെക്ടർമാർ അടക്കമുള്ള ഉയർന്ന പദവികൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ എൻട്രി ലെവൽ പൊലീസ് ഓഫീസർമാരുമായി ഒന്നിച്ചു ചേർക്കുന്നത് പൊലീസ് സേനയുടെ അച്ചടക്കത്തെയും സർവീസ് താല്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഉത്തരവിനെതിരായ അസോസിയേഷനുകളുടെ എതിർപ്പ് ശക്തമായതോടെ വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകമാകും.


