മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ജോലിക്കിറങ്ങാതെ ഡബ്ബാവാലകള്‍. ശരാശരി മഴയേക്കാള്‍ അഞ്ചിരട്ടിയാണ് മുംബൈയില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴ. ഇത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായിരിക്കുകയാണ്. ട്രെയിനുകള്‍ പലയിടത്തും വൈകിയാണ് ഓടുന്നത്. 

നഗരത്തില്‍ മിക്ക ഇടങ്ങളിലും വെള്ളം കയറിയതിനാല്‍ 'ലഞ്ച് ബോക്സ്' വീടുകളില്‍നിന്ന് എടുക്കാനോ എത്തിക്കാനോ ആകുന്നില്ലെന്ന് ഡബ്ബവാല അസോസിയോഷന്‍റെ വക്താവ് വ്യക്തമാക്കിയതായി ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാവിലെ 8.30 വരെ മുംബൈയില്‍ 165.8 എംഎം മഴയാണ് ലഭിച്ചത്.