തിരുവനന്തപുരം:കഠ്‍വ വിഷയത്തില്‍ പ്രതിഷേധ ചിത്രം വരച്ച ദുര്‍ഗാ മാലതിക്ക് സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങള്‍ക്ക് കുറവില്ല. രണ്ട് മാസം മുമ്പ് സുഹൃത്ത് പങ്കുവെച്ച തന്‍റെ ചിത്രത്തില്‍ കെ.റ്റി കൃഷ്ണകുമാര്‍ എന്നയാള്‍ ചെയ്ത കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ട് ഫാദേര്‍സ് ഡേയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദുര്‍ഗ. 

വര്‍ഷങ്ങളായി അച്ഛന്‍റെ ചിത്രമാണ് കവര്‍ ചിത്രമെന്നും കമന്‍റ് ചെയ്തിരിക്കുന്ന ആളും ഒരു അച്ഛനാണെന്നും എന്നാല്‍ അയാളുടെ കയ്യിലിരിക്കുന്നത് ഒരു പെണ്‍കുട്ടിയാവാതിരിക്കട്ടെയന്നുമാണ് ദുര്‍ഗ തന്‍റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഫേക്ക് ഐഡികളിലൂടെ മോശം കമന്‍റ് അയക്കുന്നവരെ പിടികൂടുന്ന സമയത്തും സ്വന്തം അക്കൗണ്ടില്‍ നിന്നും ഇത്രയും മോശമായ കമന്‍റ് അയച്ചിട്ടും ഇയാള്‍ക്ക് നെഞ്ചുംവിരിച്ച് നടക്കാന്‍ കഴിയുന്നതായും ദുര്‍ഗ പോസ്റ്റില്‍ എഴുതി.

ഓണ്‍ലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാന്‍ വനിതാ ശിശുക്ഷേമമന്ത്രാലയം നിയമഭേദഗതിക്കായി തയ്യാറെടുക്കുമ്പോളും സ്ത്രീകള്‍ക്ക് നേര സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആക്രമണം ഉണ്ടാകുകയാണ്. അല്ലു അര്‍ജുന്‍റെ സിനിമ കാണാന്‍ പോയ മോശം അനുഭവത്തെക്കുറിച്ച് എഴുതിയതിന് സിനിമാ നിരൂപക അപര്‍ണ്ണ പ്രശാന്തിക്ക് നേരെ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത ആക്രമണം ഉണ്ടായിരുന്നു. ഇതിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓണ്‍ലൈനിലൂടെ ആക്രമണം നേരിട്ട അധ്യാപിക ദീപ നിശാന്ത് നല്‍കിയ പരാതിയിലും നടപടിയുണ്ടായിട്ടുണ്ട്. എന്നാല്‍ തന്‍റെ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് ദുര്‍ഗ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.