സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പടെ 13,000 യാത്രക്കാരുടെ രേഖകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

തിരുവനന്തപുരം: വിമാനത്താവളത്തില്‍ കസ്റ്റംസ് ലൈസന്‍സ് റദ്ദ് ചെയ്ത ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നുവെന്ന് കസ്റ്റംസ് കമ്മീഷണര്‍. പാസ്‌പോര്‍ട്ട് രേഖകള്‍ ചോര്‍ത്തി ആറ് കോടി രൂപയുടെ തിരിമറിയാണ് മലേഷ്യന്‍ ആസ്ഥാനമായുള്ള പ്ലസ് മാക്‌സ് എന്ന സ്ഥാപനം നടത്തിയത്. കസ്റ്റംസിലും വിമാനത്താവളത്തിലും ഇവര്‍ക്ക് എങ്ങനെ സഹായം ലഭിച്ചുവെന്നതില്‍ വിശദമായ അന്വേഷണം നടത്തും.

സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പടെ 13,000 യാത്രക്കാരുടെ രേഖകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വിദേശത്ത് നിന്നെത്തിയ ഈ യാത്രക്കാരുടെ പേരില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യം പുറത്തെത്തിച്ചു മറിച്ചു വിറ്റു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ എപ്രില്‍ വരെയുള്ള കാലയളവില്‍ 6 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. അന്വേഷണവുമായി യാതൊരു തരത്തിലും സഹകരിക്കാത്ത സ്ഥാപനം ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ വരെ ശ്രമിച്ചിരുന്നു.

സംഭവത്തില്‍ സി.ബി.ഐ, ഡി.ആര്‍.ഐ, എന്‍ഫോഴ്‌സ്‌മെന്റ്, ഇന്റലിജന്‍സ് ബ്യൂറോ എന്നീ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. പ്ലസ് മാക്‌സ് കമ്പനി ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തുന്ന വിശാഖപട്ടണം മധുര വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.