തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ കെ യു അരുണൻ എംഎല്‍എയുടെ മുറിയില്‍  വെച്ച് ജീവൻലാല്‍ പീഡിപ്പിച്ചെന്ന പരാതി സെപ്തംബര്‍ നാലിനാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് നല്‍കിയത്

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി സമരത്തിലേക്ക്.സിപിഎമ്മിന്‍റെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നാണ് ബിജെപിയുടെ ആരോപണം.എന്നാല്‍ ജീവൻലാലിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നുമാണ് സിപിഎമ്മിന്‍റെ വിശദീകരണം

തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ കെ യു അരുണൻ എംഎല്‍എയുടെ മുറിയില്‍ വെച്ച് ജീവൻലാല്‍ പീഡിപ്പിച്ചെന്ന പരാതി സെപ്തംബര്‍ നാലിനാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് നല്‍കിയത്.2 മാസമായിട്ടും ജീവൻലാലിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡിവൈഎഫ്ഐ നേതാവ് കൂടിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി സമരവുമായി രംഗത്തുവരുന്നത്. നാളെ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തും.

എന്നാല്‍ പ്രതിയെ സംരക്ഷികകുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. പെണ്‍കുട്ടിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വഭാവഹത്യ നടത്തുന്നതായി പരാതി കിട്ടിയാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു. അതെസമയം ഇരിങ്ങാലക്കുടയിലെ സിപിഎം പ്രവര്‍തത്തകരുടെ വാട്സ് ആപ് കൂട്ടായ്മയില്‍ നിന്ന് പെണ്‍കുട്ടിയെയും അമ്മയെയും പുറത്താക്കി.