ക്രിമിനല്‍ നിയമനടപടിച്ചട്ടം 164ാം വകുപ്പ് അനുസരിച്ച് നിലവില്‍ ഡി.വൈ.എഫ്.ഐ അഞ്ചല്‍ ഏരിയാ സെക്രട്ടറിയായ അഫ്സല്‍ പുനലൂര്‍ മജിസ്‍ട്രേറ്റിന് മുന്നില്‍ പ്രതി സ്വമേധയാ നല്‍കിയ മൊഴിയാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഗിരീഷിനെ മ‌ര്‍ദ്ദിച്ചതിന് പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് മൊഴിയില്‍ പറയുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചാണ് സി.ബി.ഐ കേസ് അന്വേഷിക്കുന്നതെന്നും നേതാക്കളെ അറസ്റ്റ് ചെയ്യുന്നതെന്നുമുള്ള സി.പി.ഐ,എമ്മിന്റെ വാദമാണ് പൊളിയുന്നത്. 

 2010ല്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പുനലൂരില്‍ വെച്ച് പ്രതിരോധ സംഗമം നടത്തിയിരുന്നു. അന്നുണ്ടായ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് ഗിരീഷിന് പരിക്കേറ്റിരുന്നു. ആ കേസിലെ പ്രതികളെ കോണ്‍ഗ്രസ് നേതാവായ രാമഭദ്രന്‍ പുറത്തിറക്കിയാതാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. രാമഭദ്രന് ഒരു പണികൊടുക്കണമെന്ന് ഗിരീഷ് പാര്‍ട്ടി നേതാക്കളുടെ മുന്നില്‍ വച്ച് പറഞ്ഞെന്നും മൊഴിയില്‍ പറയുന്നു. നെട്ടയം ബ്രാഞ്ച് സെക്രട്ടറി രാജീവ്, ഏരൂര്‍ ലോക്കല്‍ സെക്രട്ടറി ജെ പത്മന്‍ എന്നിവരുടെ മുന്നില്‍ വച്ചാണ് ഗിരീഷ് പ്രതികാരം ചെയ്യണമെന്ന് പറയുന്നത്. അഫ്സല്‍, ഗിരീഷിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിപ്പോഴായിരുന്നു പ്രതികാരം ചെയ്യണമെന്ന് പറഞ്ഞതെന്നും മൊഴിയിലുണ്ട്.

ഈ സംഭാഷണം നടന്ന ദിവസം രാത്രിയാണ് രാമഭദ്രന്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ പ്രതികളെ ആയൂരില്‍ നിന്ന് അഞ്ചലില്‍ എത്തിച്ചത് അഫ്സലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രാമഭദ്രന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന സി.പി.ഐ.എം വാദം അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നതാണ് അഫ്സലിന്റെ മൊഴി.