നോട്ടീസില്‍ ഡി.വൈ.എഫ്.ഐ നേതാക്കളെ ചോട്ടാ നേതാക്കളെന്ന് പ്രതിപാദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായി പറയുന്നത്.

ദേവികുളം: സി.പി.ഐക്കെതിരെ ദേവികുളത്ത് പോസ്റ്റര്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയുടെ ഓഫീസ് ദേവികുളത്ത് കൈയ്യേറ്റ ഭൂമിയിലാണ് ഉള്ളതെന്നും, ഇടതുമുന്നണിയുടെ സ്വപ്‌ന പദ്ധതിയായ ലൈഫ് പദ്ധതി ഇല്ലാതാക്കിയത് സി.പി.ഐയാണെന്നും, നേതാക്കളുടെ ഗുണ്ടായിസം അവസാനിപ്പിക്കുക തുടങ്ങിയ പോസ്റ്ററുകളാണ് ദേവികുളത്തെ പോലീസ് സ്‌റ്റേഷന്‍, ആര്‍.ഡി.ഒ ഓഫീസിന്റെ കവാടങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

കഴിഞ്ഞ ദിവസം തൊഴിലാളികളോട് അപമരിയാതയായി പെരുമാറിയെന്ന് ആരോപിച്ച് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.എഫ്.ഐ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. മാര്‍ച്ച് സംബന്ധിച്ചുള്ള നോട്ടീസുകളും മൂന്നാറിലെ എസ്‌റ്റേറ്റ് മേഖലകളില്‍ വിതരണം നടത്തുകയും ചെയ്തു. 

നോട്ടീസില്‍ ഡി.വൈ.എഫ്.ഐ നേതാക്കളെ ചോട്ടാ നേതാക്കളെന്ന് പ്രതിപാദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായി പറയുന്നത്. പോലീസിനെ അനുകൂലിച്ച് രംഗത്തെത്തിയ പ്രവര്‍ത്തകര്‍ സി.പി.ഐക്കെതിരെയും യുവജന സംഘടനയായ എഐവൈഎഫിനെതിരേയും പോസ്റ്ററുകള്‍ പതിക്കുകയായിരുന്നു. പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പാര്‍ട്ടിയെ കുറിച്ച് അറിവില്ലാത്തവരാണെന്ന് ആരോപിച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറി പി.പളനിവേല്‍ രംഗത്തുവന്നു. ഞായറാഴ്ച രാവിലെയാണ് സിപിഐയുടെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്.