
തൃശൂര്‍ : മൂവാറ്റുപുഴയില്‍ ഡിവൈഎഫ്ഐ നേതാവും ബസ് യാത്രക്കാരനും തമ്മിലുണ്ടായ സംഘർഷം സംബന്ധിച്ച അന്വേഷണത്തിൽ പൊലീസ് ഒത്തുകളിക്കുന്നെന്ന് ആക്ഷേപം. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് വി പി റജീനയെ കടന്നു പിടിച്ചെന്ന പരാതിയിൽ തൃശൂർ സ്വദേശിയായ യാത്രക്കാരനെതിരെ പൊലീസ് കേസെടുത്തിരുന്നു . എന്നാൽ യാത്രക്കാരനേയും കുടുംബത്തെയും ഡിവൈഎഫഐക്കാർ കയേറ്റം ചെയ്തതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും പോലീസിന് അറിഞ്ഞ ഭാവമില്ല.
സംഭവത്തില്‍ പൊലീസ് ഏക പക്ഷീയമായി പെരുമാറുന്നുവെന്ന ആക്ഷേപവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അനിലും കുടുംബവും രംഗത്തെത്തി. നീതിലഭിക്കാന്‍ കോടതിയെ സമീപിക്കുമെന്ന് അനില്‍ പറഞ്ഞു.
തൃശൂരില്‍ നിന്നും എരുമേലിയ്ക്കുള്ള യാത്രയ്ക്കിടെയാണ് കെഎസ്ആര്‍ടിസി ബസില്‍ വച്ച് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് വി പി റജീനയും തൃശൂര്‍ സ്വദേശി അനില്‍ കുമാറിന്‍റെ കുടുംബവും തമ്മില്‍ വഴക്കുണ്ടായത്. സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ മൂവാറ്റുപുഴയില്‍ വച്ച് ഒരുകൂട്ടം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് അനില്‍ പറയുന്നത്. മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കാതെ തന്നെയും കുടുംബത്തെയും രാത്രി വൈകിയും സ്റ്റേഷനിലിരുത്തി. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറിയെന്നും അനില്‍ ആരോപിക്കുന്നു
തന്നെയും മക്കളെയും ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിക്കുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പൊലീസ് നടപടിയുണ്ടായില്ല. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് തങ്ങള്‍ക്കെതിരായി മാത്രം കേസെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സംശയിക്കുന്നതായും അനിലും കുടുംബം പറയുന്നു.
