ഡിവൈഎഫ്‌ഐയുടെ കോട്ടയ്ക്കല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലില്‍ പെട്ടുപോയവര്‍ക്കായി ഭക്ഷണവിതരണം നടന്നത്. ബിജെപി ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്കും യാത്രക്കാര്‍ക്കും ഭക്ഷണം നല്‍കുന്നുവെന്ന് എഴുതിയ ബാനറുമായി പ്രവര്‍ത്തകര്‍ റോഡില്‍ നിന്നാണ് ആവശ്യക്കാരെ കണ്ടെത്തിയത്

കോട്ടയ്ക്കല്‍: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ബിജെപി ഹര്‍ത്താലിനെ തുടര്‍ന്ന് വലഞ്ഞ അയ്യപ്പ ഭക്തര്‍ക്കും യാത്രക്കാര്‍ക്കും ഭക്ഷണം വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്‌ഐയുടെ കോട്ടയ്ക്കല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലില്‍ പെട്ടുപോയവര്‍ക്കായി ഭക്ഷണവിതരണം നടന്നത്. 

കോട്ടയ്ക്കല്‍ ചങ്കുവെട്ടി മിംസ് ആശുപത്രിക്ക് സമീപത്തുള്ള റെസ്റ്റ് ഹൗസ് പരിസരത്ത് മേശകളും കസേരകളും നിരത്തിയിട്ടായിരുന്നു ഭക്ഷണവിതരണം. ബിജെപി ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്കും യാത്രക്കാര്‍ക്കും ഭക്ഷണം നല്‍കുന്നുവെന്ന് എഴുതിയ ബാനറുമായി പ്രവര്‍ത്തകര്‍ റോഡില്‍ നിന്നാണ് ആവശ്യക്കാരെ കണ്ടെത്തിയത്. 

ഹര്‍ത്താലിനെ കുറിച്ച് മുന്‍കൂട്ടി അറിയാതിരുന്നതിനാല്‍ തന്നെ നിരവധി പേരാണ് ഭക്ഷണം പോലുമില്ലാതെ വലഞ്ഞത്. വാഹനങ്ങള്‍ ഓടാതിരുന്നതും പലയിടങ്ങളിലായി ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. 

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹിന്ദു സംഘടനകള്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഏറെയും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരെയും യാത്രക്കാരെയുമാണ് ഹര്‍ത്താല്‍ ബാധിച്ചത്. മണ്ഡലകാലമായതിനാല്‍ പത്തനംതിട്ടയെ ഒഴിവാക്കുമെന്ന് കരുതിയെങ്കിലും ജില്ലയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കപ്പെട്ടില്ല.