കുടുംബാംഗങ്ങള്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് അവരും ചികിത്സ തേടിയതോടെയാണ് ഭക്ഷ്യവിഷബാധയെന്ന സംശയമുണ്ടായത്.

ആലപ്പുഴ: വയറിളക്കത്തിന് ചികില്‍സ തേടിയ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോട്ടം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് 4 -ാം വാര്‍ഡ് കര്‍ത്താമഠം കോളനിയില്‍ രങ്കനാഥ് (68) ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ശനിയാഴ്ച പുന്നപ്ര സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രങ്കനെ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ 4:30 ഓടെ മരിച്ചു. 

രങ്കന്റെ ഭാര്യ ശ്യാമളയുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് അവരും ചികിത്സ തേടിയതോടെയാണ് ഭക്ഷ്യവിഷബാധയെന്ന സംശയമുണ്ടായത്. ഇതിനെ തുടര്‍ന്നാണ് രങ്കനാഥിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. മകന്‍ രാജേഷ്, രാജേഷിന്റെ ഭാര്യ ആര്യ, ഇവരുടെ ഒന്നര വയസ്സുള്ള മകള്‍ എന്നിവര്‍ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.