ഗ്രാമഫോണിന്റെ സ്വരമാധുരിയില്‍ ലയിച്ചാണ് 81 -ാം വയസിലും കോഴിക്കോട് ബാലുശേരി താനിക്കുഴിയില്‍ ഇ.സി. മുഹമ്മദ് മുന്നേറുന്നത്. മനസിന് സന്തോഷം തരുന്ന ഗാനങ്ങള്‍ കേള്‍ക്കണമെങ്കില്‍ ഇന്നും ഗ്രാമഫോണ്‍ തന്നെ വേണം മുഹമ്മദിന്. അതൊരു ലഹരിയായി പടര്‍ന്നങ്ങ് കയറുകയാണ്. ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ള സംസം ഇന്ത്യയുടെ ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ് റെക്കോര്‍ഡ് ആരെയും അമ്പരപ്പിക്കും. മലയാളികളുടെ മനസില്‍ ഇടം തേടിയ പഴയ തമിഴ്, മലയാളം സിനിമാ ഗാനങ്ങളുള്‍പ്പടെ അപൂര്‍വ്വ ഗാനശേഖരവും പക്കലുണ്ട്. ജീവിതനൗക, കണ്ടംവെച്ചകോട്ട്, നായരുപിടിച്ച പുലിവാല്, എന്നീ സിനിമകളിലെ ഗൃഹാതുരത ഉണര്‍ത്തുന്ന വരികള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനം കുളിര്‍ക്കും.

ചെറുപ്പത്തില്‍ ഗ്രാമപ്രദേശങ്ങളിലെ കല്യാണ വീടുകളില്‍ പുതുക്കപ്പാട്ട് പാടാന്‍ ഉമ്മ പാത്തുമ്മ പോകുമ്പോള്‍ മുഹമ്മദും കൂടെ പോകുമായിരുന്നു. അങ്ങനെ മകനിലെ ഗായകനെ പെറ്റമ്മ തന്നെ കണ്ടെത്തി. പിതാവ് മമ്മുവും പാട്ടുകാരനായിരുന്നതിനാല്‍ ഗായകനായുള്ള കടന്നുവരവിന് കുടുംബത്തില്‍ ആരും വിലങ്ങുതടിയായില്ല. കല്യാണത്തിനും വീട്ടുതാമസത്തിനും ഗ്രാമഫോണ്‍ സുലഭമായി ഉപയോഗിച്ചിരുന്ന കാലത്താണ് സ്വന്തമായി ഗ്രാമഫോണ്‍ സമ്പാദിക്കണമെന്ന മോഹം മനസിലുദിച്ചത്. ചെറിയ നാണയത്തുട്ടുകള്‍ ശേഖരിച്ചുവച്ച മണ്‍പാത്രം പൊട്ടിച്ച് മട്ടാഞ്ചേരിയില്‍ പോയി ഗ്രാമഫോണ്‍ വാങ്ങി. 20-ാം വയസില്‍ തോന്നിയ കമ്പം ഇന്നും തുടരുന്നു.

ആറ് ഗ്രാമഫോണുകളും ആയിരക്കണക്കിന് റിക്കോര്‍ഡുകളും ഇപ്പോള്‍ മുഹമ്മദിന്റെ പക്കലുണ്ട്. ചെന്നൈ, മലപ്പുറം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച ഗ്രാമഫോണുകളാണ് ഉള്ളത്. വീട്ടിലെത്തുന്ന അതിഥികളെയും അയല്‍വാസികളെയും പഴയഗാനങ്ങള്‍ കേള്‍പ്പിക്കുന്നത് മുഹമ്മദിന്റെ ഹോബിയാണ്. ഓരോ ക്വിറ്റ് ഇന്ത്യാ ദിനവും ഗാന്ധിജയന്തി ദിനവും കടന്നുവരുമ്പോല്‍ മുഹമ്മദിന്റെ മനസ് നീറും. 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ മഹാത്മജി ചെയ്ത പ്രസംഗത്തിന്റെ റിക്കോര്‍ഡ് നിധിപോലെ കാത്തു സൂക്ഷിച്ചതായിരുന്നു. കൊടുവള്ളിയിലെ സുഹൃത്ത് വന്ന് ഗാന്ധിജിയുടെ പ്രസംഗം കേള്‍ണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഗാന്ധി ഭക്തനായ മുഹമ്മദ് ആഗതനോട് വീട്ടില്‍ കൊണ്ട് പോയി കേള്‍ക്കാന്‍ പറഞ്ഞു. പിന്നീട് ആ ഗ്രാമഫോണ്‍ റിക്കോര്‍ഡ് ഇതുവരെ തിരിച്ചുകിട്ടാതെ പോയത് ഇന്നും കനലായി മുഹമ്മദിന്റെ മനസില്‍ എരിയുന്നുണ്ട്. മുഹമ്മദ് റഫി, ത്യാഗരാജ ഭാഗവതര്‍, എം.എസ്. സുബ്ബലക്ഷ്മി, പീര്‍ മുഹമ്മദ്, റംല ബീഗം തുടങ്ങിയ ഗായകര്‍ കര്‍ണ്ണാട്ടിക് സംഗീതം, ഇവിടെയും അവസാനിക്കുന്നില്ല മുഹമ്മദിന്റെ ഗ്രാമഫോണ്‍ ഗാന ശേഖരം.