കാസര്‍കോഡ്: കാസര്‍ഗോഡ് പാണത്തൂരില്‍ ഒഴുക്കില്‍ പെട്ട് മരിച്ച മൂന്ന് വയസുകാരി സന ഫാത്തിമയുടെ വീട്ടില്‍ സാന്ത്വനവുമായി മന്ത്രി ഇ ചന്ദ്രശേഖരനെത്തി. കുടുംബത്തിന് സംസ്ഥാന സര്‍ക്കാറിന്റെ സഹായധനം കൈമാറിയാണ് മന്ത്രി വീട്ടില്‍ നിന്നും മടങ്ങിയത്. ജില്ലാകളക്ടറോടൊപ്പമാണ് മന്ത്രി ചന്ദ്രശേഖരന്‍ പാണത്തൂര്‍ ബാപ്പുങ്കയത്തെ സനഫാത്തിമയുടെ വീട്ടിലെത്തിയത്. 

മകളെ നഷ്ടപ്പെട്ട സങ്കടത്തില്‍ കഴിയുന്ന മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ചു. സംസ്ഥാന സര്‍ക്കാറില്‍ നിന്നും അനുവധിച്ച പ്രത്യേക ധനസഹായം മന്ത്രി കുടുംബത്തിന് കൈമാറി. വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് സന ഒഴുക്കില്‍ പെട്ട വീടിനോട് ചേര്‍ന്നുള്ള നീര്‍ച്ചാലും സന്ദര്‍ശിച്ചു.

ഒരാഴ്ചക്കാലം പുഴയിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയ ഉദ്യോഗലസ്ഥര്‍ക്ക് നന്ദി അര്‍പ്പിച്ച് കൊണ്ട് നടത്തിയ പരിപാടിയിലും മന്ത്രി പങ്കെടുത്തു. നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ പകച്ച് നില്‍ക്കാതെ തിരച്ചിലിന് മുന്നിട്ടിറങ്ങിയ ഉദ്യോഗസ്ഥരേയും നാട്ടുകാരേയും മന്ത്രി അഭിനന്ദിച്ചു.

ഈ മാസം മൂന്നാം തീയ്യതിയാണ് വീടിനോട് ചേര്‍ന്ന നീര്‍ച്ചാലില്‍ കളിച്ച് കൊണ്ടിരിക്കെ സന ഒഴുക്കില്‍പ്പെട്ടത്. ഒരാഴ്ചക്കാലത്തെ തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മൃതദേഹം സമീപത്തെ പുഴയില്‍ നിന്നും കണ്ടെത്തിയത്.