തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച മൂന്നാർ ഉന്നത തലയോഗത്തിൽ പങ്കെടുക്കുന്നകാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ റവന്യുമന്ത്രി. സിപിഐ നേതാവ് സിഎ കുര്യനടക്കം ആവശ്യപ്പെട്ടിട്ടാണ് യോഗം വിളിച്ചതെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ റവന്യുമന്ത്രിയെ മാറ്റണമെന്ന എസ് രാജേന്ദ്രൻ എംഎൽഎയുടെ നിലപാട് കോടിയേരി തള്ളി. 

മൂന്നാറിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്നാണ് സിപിഐ നിലപാട്. പാർട്ടി പ്രതിനിധികൾ ശനിയാഴ്ച മുഖ്യമന്ത്രി വിളിച്ച് യോഗത്തിൽ പങ്കെടുക്കില്ലെന്ന് കാനം വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ റവന്യുമന്ത്രി പരസ്യമായി സ്വീകരിച്ചത് തന്ത്രപരമായ സമീപനം. പാർട്ടി നിലപാട് തള്ളി റവന്യുമന്ത്രി യോഗത്തിൽ പങ്കെടുക്കാനുള്ള ഒരു സാഹചര്യവുമില്ല. എന്നാൽ മന്ത്രിസഭാ അംഗമെന്ന നിലയിൽ ഇക്കാര്യം പറഞ്ഞ് മുഖ്യമന്ത്രിയെ പരസ്യമായി എതിർക്കാൻ റവന്യുമന്ത്രിക്ക് കഴിയില്ല. 

യോഗത്തെ ചൊല്ലി സിപിഐ പോരടിക്കുമ്പോഴും പാർട്ടി നേതാവ് സിഎ കുര്യനും യോഗം വിളിക്കാനാവശ്യപ്പെട്ടെന്ന രേഖ പുറത്തുവന്നിരുന്നു. ഇതിന്റെ പേരിൽ കുര്യനെ സിപിഐ താക്കീത് ചെയ്തിരുന്നു. എന്നാൽ കുര്യൻ ആവശ്യപ്പെട്ടകാര്യം കൂടി കോടിയേരി സിപിഐ ഓ‌ർമ്മിപ്പിച്ചു. അതേ സമയം ഇ.ചന്ദ്രശേഖരനെ മാറ്റണമെന്ന എസ് രാജേന്ദ്രന്റെ ആവശ്യം സിപിഎം സെക്രട്ടറി തള്ളി. സിപിഎം-സിപിഐ പോര് മുറുകുമ്പോൾ മൂന്നാർ യോഗത്തിൽ എന്ത് സംഭവിക്കുമെന്നാണ് ആകാംക്ഷ