ജില്ലാ കമ്മിറ്റിയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നതിനിടെയാണ് ഇ.പി. ജയരാജന്‍ കുഴഞ്ഞുവീണത്.
തൃശൂര്: തൃശൂരില് ജില്ലാ കമ്മിറ്റി യോഗത്തില് പങ്കെടുക്കവെ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന് കുഴഞ്ഞു വീണു. ജൂബിലി മിഷന് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ച ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണ്. ഉറക്കമൊഴിച്ചും വിശ്രമമില്ലാതെയും ഉണ്ടായ ക്ഷീണമാണ് കാരണമെന്നും ഹൃദയസംബന്ധമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടര്മാര് വിശദമാക്കി.
ചൊവ്വാഴ്ച രാത്രിയോടെയാണ് ജയരാജന് തൃശൂരിലെത്തിയത്. ബുധനാഴ്ച രാവിലെ മുതല് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില് മുഴുനീളെ ഇരിക്കേണ്ടിവന്നു. ഇന്ന് രാവിലെ തുടങ്ങിയ ജില്ലാ കമ്മിറ്റിയോഗത്തിലും സജീവമായിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചു. ഏതാനും ദിവസത്തെ വിശ്രമം നിര്ദ്ദേശിച്ചിട്ടുണ്ട്.
30ന് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കാന് ചേരുന്ന പാര്ട്ടി ജില്ലാ കമ്മിറ്റി യോഗത്തില് ഇ.പി. ജയരാജന് പങ്കെടുക്കില്ലെന്നാണ് റിപ്പോര്ട്ടുകള്. നിലവിലെ സെക്രട്ടറി കെ രാധാകൃഷ്ണന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായതിനെ തുടര്ന്നാണ് ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് വേണ്ടി വരുന്നത്.
