തിരുവനന്തപുരം: ഇ.പി.ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കേസിൽ തെളിവില്ലാത്തതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്ന് നേരത്തെ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. അതിനാൽ അന്വേഷണം അവസാനിപ്പിക്കാമെന്നും വിജിലൻസ് ലീഗൽ അഡ്വൈസർ സി.സി. അഗസ്റ്റൻ നിയമോപദേശം നൽകുകയും ചെയ്തിരുന്നു.

സ്വജനപക്ഷപാതം, അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് കണ്ടെത്തിയായിരുന്നു. ബന്ധുനിയമനത്തിൽ ഇ.പി ജയരാജനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.എന്നാൽ നിയമനവുമായി ബന്ധപ്പെട്ട് ആർക്കും സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും അതിനാൽ കേസ് അഴിമതി നിരോധന നിയമത്തിന്‍റെ കീഴിൽ വരില്ലെന്നും വിജിലൻസ് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് നേരത്തെ ഹൈക്കോടതിയെയും അറിയിച്ചിരുന്നു.

ഇ.പി ജയരാജനെയും പി.കെ ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാര്‍ അടക്കമുള്ളവർക്കെതിരെയാണ് വിജിലൻസ് കേസെടുത്തിരുന്നത്. ഇതേതുടർന്നാണ് ജയരാജൻ മന്ത്രി സ്ഥാനം രാജിവച്ചത്.