ലൈറ്റ് മെട്രോ പദ്ധതി; സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഇ. ശ്രീധരന്‍

First Published 8, Mar 2018, 12:30 PM IST
e sreedharan against government on light metro
Highlights

അനിശ്ചിതമായി നീട്ടിയത് വഴി ഡി.എം.ആര്‍.സിക്ക് വന്‍ സാമ്പത്തിക നഷ്‌ടമുണ്ടായി


കൊച്ചി: സംസ്ഥാനത്തെ ലൈറ്റ് മെട്രോകള്‍ പ്രാരംഭ പ്രവൃത്തികള്‍ പോലും തുടരാതെ അനിശ്ചിതമായി നീട്ടിയത് വഴി ഡി.എം.ആര്‍.സിക്ക് വന്‍ സാമ്പത്തിക നഷ്‌ടമുണ്ടായതായി ഇ. ശ്രീധരന്‍. പ്രാരംഭ ജോലികള്‍ ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും കരാര്‍ ഒപ്പിട്ടില്ല.
 സംസ്ഥാനത്ത് രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ പ്രതിമാസം 16 ലക്ഷം രൂപവീതം ചെലവുണ്ടെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ. ശ്രീധരന്‍ പറഞ്ഞു.

2014ന് ലൈറ്റ് മെട്രോ നിര്‍മ്മാണം ഡി.എം.ആര്‍.സി ഏറ്റെടുക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ അത് കഴിഞ്ഞ് പല തവണ ഓര്‍മ്മിപ്പിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. സര്‍ക്കാര്‍ കമ്പനിക്ക് ഒരു ജോലിയുമില്ലാതെ ഇത്ര തുക ചെലവാക്കാനാകില്ല.
 പിന്മാരുന്നതായി കഴിഞ്ഞമാസം കത്ത് നല്‍കി. മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡി.എം.ആര്‍.സിയെ മാറ്റി മറ്റ് ഏതെങ്കിലും ഏജന്‍സികളെ പദ്ധതി ഏല്‍പ്പിക്കുന്നതിനെപ്പറ്റി കഴിഞ്ഞ ഡിസംബറില്‍ കെ.എം.ആര്‍.എല്‍ യോഗത്തില്‍ ആലോചനകള്‍ നടന്നതായി അറിഞ്ഞു. ഉദ്ദ്യോഗസ്ഥരാണോ മന്ത്രിമാരാണോ ഇത് സംബന്ധിച്ച ആലോചനകള്‍ നടത്തിയതെന്ന് അറിയില്ല. അതോടെ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.

ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കണമെങ്കില്‍ പോലും ഒരു കണ്‍സള്‍ട്ടന്റ് വേണം. ഡി.എം.ആര്‍.സിയെ ആവശ്യമില്ല എന്നൊരു നിലപാടാണ് ഉയരുന്നത്. പദ്ധതിയുമായി വീണ്ടും സമീപിച്ചാല്‍ ഡി.എം.ആര്‍.സി ഏറ്റെടുക്കുക്കാന്‍ സാധ്യതയില്ല. താന്‍ ഉള്ളത് കൊണ്ടാണ് കേരളത്തിലെ ജോലികള്‍ ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതെന്നും തനിക്ക് ഇപ്പോള്‍ 86 വയസ്സായെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വര്ഷം 300-350 കോടി രൂപ ചെലവില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാകും. ഓരോ വര്‍ഷം കഴിയുമ്പോഴും പദ്ധതി ചിലവ് അഞ്ച് ശതമാനത്തോളം വര്‍ദ്ധിക്കും. തലശ്ശേരി മൈസൂര്‍ റെയില്‍വേ ലൈന്‍ അപ്രായോഗികമാണെന്ന് ഡി.എം.ആര്‍.സി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതാണ് സര്‍ക്കാര്‍, ഡി.എം.ആര്‍.സിയുമായി ഇടയാന്‍ കാരണമെന്നും ശ്രീധരന്‍ പറഞ്ഞു.

ലൈറ്റ് മെട്രോ ഇതുവരെ ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാത്ത പദ്ധതിയാണ്. വിദേശത്ത് പലയിടങ്ങളില്‍ പോയാണ് ഇതിനായി പഠനം നടത്തിയത്. നിലവില്‍ ഡി.എം.ആര്‍.സി അല്ലാതെ വേറെ ഒരു സ്ഥാപനത്തിനും ഇതിന് മാത്രം  സാങ്കേതിക ജ്ഞാനമില്ല. പദ്ധയില്‍ നിന്ന് വിഷമത്തോടെ പിന്മാറുകയാണ്. എന്നാല്‍ സര്‍ക്കാറിനോട് പരിഭവമില്ല. രണ്ട് പ്രോജക്ടുകളും അവസാനിപ്പിച്ച് സംസ്ഥാനത്ത് നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 15 ഓടെ ഓഫീസുകള്‍ പൂട്ടും. ജീവനക്കാരെ സ്ഥലം മാറ്റി. ഡെപ്യൂട്ടേഷനില്‍ വന്ന ജീവനക്കാരെ തിരികെ അയച്ചുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.
 

loader