ചരക്ക് സേവന നികുതി പ്രകാരമുള്ള ഇ വേ-ബില്‍ സംവിധാനം ഫെബ്രുവരി ഒന്നു മുതല്‍ നിലവില്‍ വരും. ഇതു സംബന്ധിച്ചുള്ള കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി.

ചെക്പോസ്റ്റുകള്‍ ഇല്ലാതായതോടെ നിലവില്‍ രാജ്യത്തിനകത്ത് ചരക്ക് നീക്കം കൃത്യമായി നിരീക്ഷിക്കാന്‍ സംവിധാനങ്ങളില്ല.അതുകൊണ്ടുതന്നെ ജി.എസ്.ടി അടയ്കാതെയുള്ള കടത്ത് കൂടുതലുമാണ്. ചരക്കു സേവന നികുതി പ്രകാരം ലക്ഷ്യമിട്ടിരുന്ന വരുമാനം ലഭിക്കാത്തത് ഈ നികുതി ചോര്‍ച്ച മൂലമാണെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് ഇ-വേ ബില്‍ സംവിധാനം നേരത്തെയാക്കുന്നത്. 2018 ഏപ്രില്‍ മുതല്‍ ഇ വേ ബില്‍ നടപ്പിലാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇ-വേ ബില്‍ വരുന്നതോടെ 10 കിലോമീറ്ററിന് പുറത്തുള്ള എല്ലാ ചരക്ക് കടത്തും ഇതിന്റെ പരിധിയിലാവും.ഇതോടെ നികുതി ചോര്‍ച്ച ഒരു പരിധിവരെ തടയാനാവുമെന്നും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നികുതി വരുമാനത്തിലുണ്ടായ കുറവുമൂലം ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമാവുമെന്നുമാണ് വിലയിരുത്തല്‍ . 

ചരക്ക് സേവന നികുതി നിയമ പ്രകാരം ഇ-വേ ബില്‍ ഇല്ലാതെ എത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണുണ്ടാകുക. വാഹനവും ചരക്കും പിടിച്ചെടുക്കാനും നികുതിയും അത്രതന്നെ തുക പിഴയും ഈടാക്കാനും നിയമത്തില്‍ വകുപ്പുകളുണ്ട്. നികുതി വകുപ്പിന്റെ വാഹന പരിശോധനാ സംഘങ്ങളായിരിക്കും വാഹനങ്ങളിലെ ഇ വേ ബില്‍ പരിശോധിക്കുക.