ദില്ലി: പുല്‍വാമ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയ വ്യോമസേനാ ആക്രമണത്തെ അഭിനന്ദിച്ച് മുന്‍ കരസേനാ മേധാവി വികെ സിങ്. ഓരോ തവണ നിങ്ങള്‍ ആക്രമിക്കുമ്പോഴും കൂടുതല്‍ കഠിനമായും ശക്തമായും ഞങ്ങള്‍ തിരിച്ചടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.

അവര്‍ പറയുന്നു ഇന്ത്യയെ ആയിരം വെട്ടുവെട്ടി അതില്‍ നിന്ന് രക്തം വരണമെന്നാണ് ആഗ്രഹമെന്ന്. പക്ഷെ ഞങ്ങള്‍ പറയുന്നു നിങ്ങള്‍ ഓരോ തവണ ആക്രമിക്കുമ്പോഴും അതികഠിനമായും ശക്തമായും ഞങ്ങള്‍ മറുപടി നല്‍കും. വ്യോമാക്രമണം നടത്തിയ വ്യോമസേനാംഗങ്ങളെ അഭിനന്ദിക്കുന്നതായും വികെ സിങ് ട്വീറ്റില്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെയാണ് പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാക് അധീന കശ്മീരില്‍ ഇന്ത്യ വ്യോമ മിന്നലാക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്ന് പ്രധാന ഭീകര കേന്ദ്രങ്ങള്‍ തകരുകയും മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.