മെല്‍ബണ്‍: വൈല്‍ഡ് ലൈഫ് ഷോ കാണാനെത്തിയ ബാലനെ പരുന്ത് റാഞ്ചാന്‍ ശ്രമിച്ചു. ഓസ്ട്രേലിയിലെ ആലിസ് സ്പ്രിംഗ് ഡെസര്‍ട്ട് പാര്‍ക്കിന്‍ നടക്കുന്ന പ്രശസ്തമായ പക്ഷി പ്രദര്‍ശനത്തിനിടയിലാണ് സംഭവം. ഷോ കാണാന്‍ മാതാപിതാക്കളോടൊപ്പമെത്തിയ ആറു വയസ്സുകാരനെയാണ് പരുന്ത് റാഞ്ചാന്‍ ശ്രമിച്ചത്.

15 മീറ്റര്‍ ഉയരത്തില്‍ നിന്ന് പരുന്ത് ബാലനു നേരെ കുത്തനെ പറന്നടുക്കുകയായിരുന്നുവെന്ന് ദൃക്‍സാക്ഷിയായ ക്രിസ്റ്റീന ഒ കോണല്‍ പറഞ്ഞു. വിക്ടോറിയയിലെ ഹോര്‍ഷാം നിവാസിയായ ഇവര്‍ സംഭവ ദിവസം ഭര്‍ത്താവിനോടൊപ്പം പാര്‍ക്കിലുണ്ടായിരുന്നു. ചെറിയ ഏതോ ഒരു മൃഗത്തെ റാഞ്ചാന്‍ വരുന്നതു പോലെയാണ് പരുന്ത് കുട്ടിയെ സമീപിച്ചത്. കുട്ടിയുടെ തലയില്‍ കൂര്‍ത്ത നഖങ്ങള്‍ അമര്‍ത്തി പറന്നുയരാന്‍ ശ്രമിക്കുമ്പോള്‍ ബാലന്‍ ഭയന്നു നിലവിളിച്ചു. ഒപ്പമുള്ളവരും ഞെട്ടിത്തരിച്ചു. ആളുകള്‍ ബഹളം വച്ചപ്പോള്‍ കുട്ടിയ ഉപേക്ഷിച്ച് പരുന്ത് പറന്നകന്നു. ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന ഫോര്‍ക് വാലന്‍ പരുന്താണ് ബാലനെ റാഞ്ചാന്‍ ശ്രമിച്ചത്.
പരുന്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും കുട്ടിയുടെ മുഖത്ത് ആഴത്തില്‍ മുറിവേറ്റു. പ്രദര്‍ശനം കാണാനെത്തിയ മറ്റൊരു സ്ര്തീയാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

ആലിസ് സ്പ്രിംഗ് പാര്‍ക്കില്‍ പരുന്ത് വൈല്‍ഡ് ലൈഫ് ഷോയിലെ കാണികളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് പാര്‍ക്ക് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന്റെ ഭാഗമായി പരുന്തിനെ ഷോയില്‍ നിന്ന് ഒഴിവാക്കുമെന്നും അധികൃതര്‍ അറിയിച്ചു.