ദില്ലി: ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 9ന് നടക്കും. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍. ഹിമാചല്‍പ്രദേശ് തെര‌ഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് തീയതി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി പറഞ്ഞു.

കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ ഹിമാചലില്‍ ഭരണത്തിലുള്ളത്. ‍68 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ നേതൃത്വത്തില്‍ തന്നെയാകും കോണ്‍ഗ്രസ് ഇത്തവണയും തെരഞ്ഞെടുപ്പിനിറങ്ങുക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.