ദില്ലി: ഡല്‍ഹി നിയമസഭയില്‍ അംഗങ്ങളായ 20 ആം ആദ്‌മി എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തു. ഇരട്ടപ്പദവി വഹിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ്‌ ഇരുപത്‌ എംഎല്‍എമാരേയും അയോഗ്യരാക്കിയത്‌. ഇന്ന്‌ രാവിലെ ചേര്‍ന്ന തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ സമ്പൂര്‍ണയോഗത്തിലാണ്‌ ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്‌.

20 എംഎല്‍എമാരെ അയോഗ്യരായെങ്കിലും 46 എംഎല്‍എമാരുള്ള ആം ആദ്‌മിപാര്‍ട്ടിക്കും സര്‍ക്കാരിനും തല്‍കാലം അധികാരം നഷ്ടമാക്കും എന്ന ഭയം വേണ്ട. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നല്‍കുന്ന ശുപാര്‍ശയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്‌ രാഷ്ട്രപതിയാണെങ്കിലും ഈ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുവാന്‍ എംഎല്‍എമാര്‍ക്ക്‌ അവകാശമുണ്ടാവും.

70 അംഗ നിയമസഭയില്‍ 67 സീറ്റും ജയിച്ചാണ്‌ 2015-ല്‍ ആം ആദ്‌മി പാര്‍ട്ടി ദില്ലിയില്‍ അധികാരത്തിലെത്തുന്നത്‌. മൂന്ന്‌ സീറ്റ്‌ മാത്രം ജയിച്ച ബിജെപിയായിരുന്നു ആപ്പിനെ കൂടാതെ നിയമസഭയിലെ മറ്റൊരു പാര്‍ട്ടി. ഇടക്കാലത്തുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ്‌ കൂടി നേടി ബിജെപി തങ്ങളുടെ അംഗസഖ്യ നാലാക്കി ഉയര്‍ത്തിയിരുന്നു.