ദില്ലി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഗുജറാത്തിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്ന തലേ ദിവസം ഒരു ടി വി ചാനല്‍ രാഹുലിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു. 

ഇത് ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 13നാണ് രാഹുല്‍ ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. നോട്ടീസ് പിന്‍വലിച്ചതോടൊപ്പം 1951 ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍വേണ്ട നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ രൂപീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. 

ഡിജിറ്റല്‍ ഇലക്ട്രോണിക് മീഡിയ വളര്‍ച്ച നേടിയ ഈ കാലഘട്ടത്തില്‍ നിലവിലെ ചട്ടങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍, നാഷണല്‍ ബ്രോഡ്കാസ്റ്റ് അസോസിയേഷന്‍ എന്നിവയില്‍നിന്ന് അഭിപ്രായങ്ങള്‍ ആരായുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.