Asianet News MalayalamAsianet News Malayalam

സഹകരണബാങ്ക് തട്ടിപ്പ്: ശരത് പവാറിനെതിരെ എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കി നില്‍ക്കേയാണ് കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപിയുടെ പ്രമുഖ നേതാക്കള്‍ കേസില്‍പ്പെട്ടിരിക്കുന്നത്. 

ED register Case Against NCP Leader Sharad Pawar And Nephew ajith Pawar
Author
Mumbai, First Published Sep 24, 2019, 9:30 PM IST

ദില്ലി: എന്‍സിപി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാറിനെതിരെ എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടേറ്റ് കേസെടുത്തു. മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ ആയിരം കോടിയിലേറെ രൂപയുടെ കുംഭക്കോണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.  ശരത് പവാറിനെ കൂടാതെ മരുമകനും മുന്‍ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത്ത് പവാറും കേസില്‍ പ്രതിയാണ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കി നില്‍ക്കേയാണ് കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപിയുടെ പ്രമുഖ നേതാക്കള്‍ കേസില്‍പ്പെട്ടിരിക്കുന്നത്. 

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന്‍റെ ഭാരവാഹികളായ  അജിത്ത് പവാറിനും മറ്റുള്ള എന്‍സിപി നേതാക്കള്‍ക്കുമെതിരെ നേരത്തെ ബോംബൈ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം മഹാരാഷ്ട്രാ പൊലീസ് സാമ്പത്തിക തട്ടിപ്പിന് കേസെടുത്തിരുന്നു. 2007 -2011 കാലത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളിലൂടെ മഹാരാഷ്ട്രാ സഹകരണ ബാങ്കിന് 1000 കോടി കടമുണ്ടാക്കിയെന്നാണ് കേസ്.

പഞ്ചസാര ഫാക്ടറികള്‍ക്ക് നല്‍കിയ വായ്പകളിലും മറ്റും വലിയ ക്രമക്കേടുകള്‍ നടന്നതായും  പ്രാഥമികമായ അന്വേഷണമോ പരിശോധനയോ നടത്താതെയാണ് പല വായ്പകളും ബാങ്ക് അനുവദിച്ചതെന്നും ആരോപണമുണ്ട്. വന്‍ തുകയുടെ വായ്പകള്‍ പലതും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് കിട്ടിയതെന്നും പറയപ്പെടുന്നു.  

പവാര്‍ അടങ്ങിയ ഭരണസമിതിയുടെ തെറ്റായ നടപടികളാണ് ബാങ്കിനെ വലിയ കടത്തിലേക്ക് നയിച്ചതെന്ന് നബാര്‍ഡിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ബാങ്കിംഗ് നിയമങ്ങളും ആര്‍ബിഐ ചട്ടങ്ങളും മറികടന്നു കൊണ്ട് വ്യവസായികള്‍ക്ക് വായ്പകള്‍ അനുവദിച്ചെന്നും കിട്ടാക്കടം തിരിച്ചടവും കൈകാര്യം ചെയ്യുന്നതില്‍ ബാങ്ക് അങ്ങേയറ്റം നിരുത്തരവാദപരമായി പെരുമാറിയെന്നും നബാര്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. 

Follow Us:
Download App:
  • android
  • ios