കുഞ്ഞു ഹസാർഡ് ഫ്രഞ്ച് ജേഴ്സിയണിഞ്ഞ് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു
മോസ്ക്കോ: ബെൽജിയlത്തിന്റെ ലോകകപ്പ് സ്വപ്നങ്ങള് ചുമലിലേറ്റുന്ന ഏദൻ ഹസാർഡ് ഫ്രഞ്ച് പടയെ പിന്തുണച്ചിരുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. 1998ൽ ഫ്രാൻസ് കിരീടം നേടിയപ്പോൾ കുഞ്ഞു ഹസാർഡിന് ഏഴ് വയസ്. ആവേശം ഫ്രാൻസും കടന്ന് ഫ്രഞ്ചുകാരുള്ളിടത്തെല്ലാം വ്യാപിച്ചു.
ബെൽജിയത്തിലെ ഫ്രഞ്ച് ഭൂരിപക്ഷ പ്രദേശമായ ലാ ലൌവിയറിലാണ് ഏദൻ ഹസാർഡ് ജനിച്ചത്. ഫുട്ബോൾ കളിക്കാരായിരുന്ന മാതാപിതാക്കൾ ഹസാഡ് സഹോദരങ്ങളെ മൂന്ന് പേരെയും മൈതാനത്തേക്ക് തന്നെ വിട്ടു. ഏഴാം വയസിൽ ഫ്രഞ്ച് പട ബ്രസീലിനെ തറപറ്റിച്ച് കിരീടം നേടിയപ്പോൾ കുഞ്ഞു ഹസാഡും സഹോദരങ്ങളും സിദാനെ കണ്ട് ആവേശം കൊണ്ടു.
കളി പഠിക്കാൻ സിദാന്റെ നാട്ടിലേക്ക് തന്നെയാണ് പോയതും. ഫ്രഞ്ച് ക്ലബ്ബ് ലില്ലെയാണ് ണ് ഹസാഡിനെ ഒരുക്കിയെടുത്തത്. ബെൽജിയമെങ്കിലും ഫ്രാൻസിനായിരുന്നു നാട്ടിൽ കൂടുതൽ ആരാധകരെന്നാണ് ഹസാർഡ് പറയുന്നത്.
കുഞ്ഞു ഹസാർഡ് ഫ്രഞ്ച് ജേഴ്സിയണിഞ്ഞ് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെയാണ് ഹസാഡിന്റെ ഇഷ്ടത്തെക്കുറിച്ച് ആരാധകരും അറിയുന്നത്. വർഷങ്ങൾക്ക് ശേഷം അന്നത്തെ ഫ്രഞ്ച് ആരാധകൻ നേതൃത്വം നൽകുന്ന ടീം ഫ്രാൻസിനെ നേരിടുമ്പോൾ ബെൽജിയം പഴയ ബെൽജിയമല്ല.
ഏദൻ ഹസാഡിന്ർറെ കാലുകളെ പിടിച്ചു കെട്ടുകയെന്നതാണ് ഫ്രഞ്ച് നിരയുടെ ആശങ്ക. ഒരു കാലത്തെ ഇഷ്ട ടീമിനോട് ഏറ്റുമുട്ടുന്നതിന്ർറെ ആവേശത്തിലാണ് ഹസാഡും. കുഞ്ഞുനാളിലെ ആരാധന കളത്തിലുണ്ടാകില്ലെന്ന് ഉറപ്പ്, ബെൽജിയത്തിന്റെ സുവർണ തലമുറ തോൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇന്ന് ഒരു പക്ഷേ പഴയ ലാലൗവിയറിൽ പോലും ഉണ്ടാകില്ല.
