മെക്സിക്കോയ്ക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ബ്രസീലിനായി കളി മെനഞ്ഞത് വില്യനായിരുന്നു

മോസ്ക്കോ: ക്വാര്‍ട്ടറില്‍ ബ്രസീലും ബെല്‍ജിയവും ഏറ്റുമുട്ടുമ്പോൾ നിര്‍ണായകമാവുക രണ്ട് മധ്യനിര താരങ്ങളുടെ പ്രകടനമാകും. ബ്രസീലിന്‍റെ വില്യന്‍റെയും ബെല്‍ജിയത്തിന്‍റെ ഈഡന്‍ ഹസാര്‍ഡിന്‍റെയും. ഇംഗ്ലീഷ് ക്ലാബ് ചെല്‍സിയില്‍ സഹതാരങ്ങളാണ് ഇവരെന്നതാണ് മറ്റൊരു സവിശേഷത.

മെക്സിക്കോയ്ക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ബ്രസീലിനായി കളി മെനഞ്ഞത് വില്യനായിരുന്നു. ഈഡന്‍ ഹസാ‍ര്‍ഡാകട്ടെ ബെല്‍ജിയത്തിന്‍റെ എക്കാലത്തേയും വിശ്വസ്തനും. ചെല്‍സിയിലെ സഹതാരങ്ങളായ ഇരുവരും വെള്ളിയാഴ്ച കളത്തിലിറങ്ങുക, പരസ്പരം തോല്‍പ്പിക്കാന്‍.

സഹതാരങ്ങളായതിനാല്‍ പരസ്പരം കളിയും തന്ത്രങ്ങളും എല്ലാം നന്നായറിയാം. സ്വന്തം ടീം വിജയിക്കാന്‍ തല്ക്കാലും സൗഹൃദം ,മാറ്റിവെച്ച് കൈമെയ്മറന്ന് പോരാടാന്‍ ഒരുങ്ങുകയാണ് വില്യന്‍. ബെല്‍ജിയം മികച്ച ടീമാണെന്നും ഓരോ മത്സരം കഴിയുന്തോറും ടീം മെച്ചപ്പെടുകയാണെന്നും വില്യന്‍ നിരീക്ഷിക്കുന്നു.

രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചു വരാനായത് യൂറോപ്യന്‍ ടീമിന് വലിയ ആത്മ വിശ്വാസം നല്‍കും. ബെല്‍ജിയത്തിന്‍റെ ദൗര്‍ബല്യങ്ങൾ മനസിലാക്കി തന്ത്രമെനയുകയാണ് ബ്രസീലെന്നും വില്യന്‍ പറയുഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാൾ എന്നാണ് ഹസാര്‍ഡിനെ വില്യന്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ബ്രസീലിന് മത്സരം ജയിച്ചേ തീരു. ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ തിബൗട് കോര്‍ട്ടോയിസും ചെല്‍സിയില്‍ വ്ല്യന്‍റെ സഹതാരമാണ്.