Asianet News MalayalamAsianet News Malayalam

മാധ്യമ നിയന്ത്രണം ഉടന്‍ പിന്‍വലിക്കണം; കേരള സര്‍ക്കാര്‍ നിലപാടിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്

മാധ്യമങ്ങള്‍ക്ക് അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേരള സര്‍ക്കാരിന്‍റെ നടപടിയില്‍ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ്. ഇത് സംബന്ധിച്ച  സര്‍ക്കാര്‍ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ്.

Editors Guild of India against government on Media Regulations
Author
Delhi, First Published Dec 17, 2018, 2:25 PM IST

ദില്ലി: മാധ്യമങ്ങള്‍ക്ക് അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേരള സര്‍ക്കാരിന്‍റെ നടപടിയില്‍ അപലപിച്ച് പത്രാധിപൻമാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ്. ഇത് സംബന്ധിച്ച് നവംബര്‍ 15 ല്‍ സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുവഴി മാത്രമേ മാധ്യമങ്ങള്‍ക്ക് ഇനി മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സംസാരിക്കാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ പ്രത്യേക അഭിമുഖം, കോണ്‍ഫറന്‍സ് ഹാളിലെ മീറ്റിംഗുകള്‍ തുടങ്ങി എല്ലായിടത്തും പി ആര്‍ ഡിയുടെ ഇടപെടല്‍ ഉറപ്പിക്കുന്ന തരത്തിലുള്ളതാണ് സര്‍ക്കുലറിലെ പുതിയ മാറ്റങ്ങള്‍. ഇതുകൂടാതെ, മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടു ബന്ധപ്പെട്ടിരുന്ന പി ആര്‍ ഡിയിലെ വിവിധ സെക്ഷനിലേക്കുള്ള പ്രവേശനം അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായി ചുരുക്കിയിട്ടുമുണ്ട്. ജില്ലാതല വകുപ്പുകള്‍ക്ക് മാധ്യമസ്ഥാപനങ്ങളുമായുള്ള ആശയവിനിമയം നിയന്ത്രിച്ച്, പത്രക്കുറിപ്പുകള്‍ പോലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി കൈമാറേണ്ടതായും സര്‍ക്കുലറില്‍ പറയുന്നു.

പൊതുപരിപാടികള്‍ക്കായി സെക്രട്ടേറിയറ്റിന് പുറത്തെ വേദികളിലെത്തുന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രതികരണം നിര്‍ബന്ധപൂര്‍വം എടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കാറുണ്ടെന്നും മന്ത്രിമാരുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്താറുമുണ്ടെന്നാണ് സര്‍ക്കുലറിലെ നിരീക്ഷണം. ഇക്കാരണം ചൂണ്ടിക്കാണിച്ച് പൊതുസ്ഥലങ്ങളില്‍ വച്ച് മാധ്യമങ്ങളോട് മന്ത്രിമാര്‍ പ്രതികരിക്കുന്നതും പി ആര്‍ ഡി മുഖേനയായിരിക്കണമെന്നാണ് നിബന്ധന. ഫോണിലും മറ്റും ബന്ധപ്പെട്ട് മന്ത്രിമാരുടെ പ്രതികരണമാരായുന്നതില്‍ നിലവില്‍ മാധ്യമപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടു നേരിടുന്ന അവസ്ഥയില്‍, പൊതു വേദികളില്‍ നിന്നും സംവദിക്കുന്നത് വിലക്കിക്കൊണ്ടുള്ള നടപടി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ഒട്ടും ഗുണകരമാവില്ലെന്നായിരുന്നു വിലയിരുത്തല്‍. എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍, റെസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ സ്ഥിരം മീഡിയ കോര്‍ണറുകളൊരുക്കി, മന്ത്രിമാര്‍ക്കും മാധ്യമങ്ങള്‍ക്കുമിടയില്‍ പി ആര്‍ ഡിയുടെ സ്ഥാനം വ്യക്തമായി ഉറപ്പിക്കുന്ന തരത്തിലായിരുന്നു സര്‍ക്കുലര്‍. 

Follow Us:
Download App:
  • android
  • ios