കൊച്ചി: ഇമാം പീഡന കേസിലെ ഇരയായ പെൺകുട്ടിയെ കാണാൻ രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും ഹൈക്കോടതി അനുമതി നൽകി. ചൈൽഡ് ലൈൻ മകളെ അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് കാണിച്ച് മാതാവ് സമർപ്പിച്ച് ഹേബിയസ് കോർപ്പസ് ഹർ‍ജിയിലാണ് കോടതി നടപടി. കുട്ടിയുടെ രക്ഷിതാക്കളെ കൂടാതെ സഹോദരങ്ങൾ മുത്തച്ഛൻ മുത്തശ്ശി എന്നിവർക്കും അനുമതി ഉണ്ട്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ അന്യായമായി ത‍ടങ്കലിൽ വെച്ചിരിക്കുകയാണ്. ഇതു മൂലം മകളുടെ പഠനം മുടങ്ങിയെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ മാതാവ് ആരോപിച്ചിരുന്നു. മകളെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകണമെന്നും രക്ഷിതാക്കളുടെ സംരക്ഷണയിൽ വിട്ടുതരണമെന്നുമായിരുന്നു ആവശ്യം. 

എന്നാൽ പെൺകുട്ടിയെ അടുത്ത ബന്ധുക്കൾക്ക് ചൈൽഡ് ലൈൻ സംരക്ഷണ കേന്ദ്രത്തിലെത്തി കാണാനുള്ള അനുവാദം നൽകിയ കോടതി പഠനം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാറിന് നിർദ്ദേശം നൽകി. പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇമാം ഷഫീഖ് ഖാസിമി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. 

പീഡനത്തിനിരയായ കുട്ടിയോ കുടുംബമോ  ഇമാമിനെതിരെ പൊലീസിൽ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. പിന്നീട് തൊളിക്കോട് ജമാഅത്ത് പള്ളി പ്രസിഡന്‍റിന്‍റെ പരാതിയിൽ ഇമാമിനെതിരെ പോക്സോ നിയമപ്രകാരം വിതുര പൊലീസ് കേസെടുക്കുകയായിരുന്നു.

ഇമാമിന്‍റെ പീഡനത്തിനിരയായ  പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ രഹസ്യ കേന്ദ്രത്തിലാണ് ഉള്ളത്.  ഇമാമിനെതിരെ പൊലീസിൽ പരാതിപ്പെടാൻ തയ്യാറാകാതിരുന്ന കുടുംബം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാനും അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.