കീടനാശിനി സാന്നിധ്യമുള്ള കോഴിമുട്ടകളാണ് ഇപ്പോള്‍ യൂറോപ്പിനെ വലക്കുന്നത്. ബ്രിട്ടണും ഫ്രാന്‍സും സ്വീഡനുമടക്കം 15 രാജ്യങ്ങളിലാണ് കോഴിമുട്ടകളില്‍ കീടനാശിനി സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രശ്‍നം ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ അടുത്തമാസം 26ന് യോഗം ചേരും.
ഫിപ്രോണില്‍ എന്ന കീടനാശിനിയുടെ സാനിധ്യമാണ് കോഴിമുട്ടകളില്‍ കണ്ടെത്തിയത്. പ്രാണികളെയും ക്ഷുദ്രജീവികളേയും അകറ്റാന്‍ ഉപയോഗിക്കുന്ന കീടനാശിനിയാണ് ഫിപ്രോണില്‍. കോഴിമുട്ടയില്‍ എങ്ങനെ ഈ കീടനാശിനിയെത്തി എന്നതിനെ കുറിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. നെതര്‍ലാന്‍ഡിലേയും ബെല്ജിയത്തേയും കോഴിഫാമുകളില്‍ ഇത് ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതാകാം കോഴിമുട്ടകളിലെ രാസസാന്നിധ്യത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കോഴിമുട്ടകള്‍ ഉപയോഗിക്കുന്നത് പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്നാണ് ഫുഡ് സ്റ്റാന്‍ഡേഡ്സ് ഏജന്‍സിയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഫിപ്രോണില്‍ ഉപയോഗിച്ച നെതര്‍ലാന്‍ഡ്സിലെയും യുജര്‍മനിയിലേയും ഫ്രാന്‍സിലേയും ബെല്‍ജിയത്തേയും കോഴിഫാമുകള്‍ ഇതിനോടകം അടച്ചുപൂട്ടിക്കഴിഞ്ഞു.കോഴിമുട്ട ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷ്യോത്പന്നങ്ങള്‍ ഇതിനോടകം മിക്ക രാജ്യങ്ങളും വിപണിയില്‍ നിന്നു പിന്‍വലിച്ചു. ഇതിനോടകം ഏഴ് ലക്ഷത്തിലധികം കോഴിമുട്ടകള്‍ യുകെയില്‍ മാത്രം നശിപ്പിച്ചു.
യൂറോപ്പിലെ മുഖ്യ കോഴിമുട്ട ഉത്പാദകരായ ബെല്‍ജിയവും നെതര്‍ലാന്‍ഡ്സും പ്രശ്നം നേരത്തെ അറിഞ്ഞിരുന്നോ എന്നാണ് മറ്റ് രാജ്യങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം. പരസ്‌പരം കുറ്റപ്പെടുത്താതെ പ്രശ്നപരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി ചീഫ് യൂറോപ്യന്‍ രാജ്യങ്ങളോട് നിര്‍ദേശിച്ചിരിക്കുകയാണ്.
