ത്യാഗത്തിന്‍റെ സ്മരണ പുതുക്കി ഗള്‍ഫ് നാടുകളിലും ബലിപെരുന്നാള്‍ ആഘോഷത്തിലാണ്. വിവിധ ഈദ്ഗാഹുകളിലും പള്ളികളിലും രാവിലെ പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ നടന്നു. വര്‍ഗ, വര്‍ണ, ഭാഷകള്‍ക്ക് അതീതമായി വിശ്വാസികള്‍ രാവിലെ പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ക്ക് ഒത്തുകൂടി. വിവിധ ഈദ് മുസല്ലകളിലും പള്ളികളിലും മലയാളത്തിലുള്ള പെരുന്നാള്‍ ഖുതുബകളും ഉണ്ടായിരുന്നു.
അല്‍ഖൂസിലെ അല്‍മനാര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹിന് അബ്ദുസലാം മോങ്ങം നേതൃത്വം നല്‍കി. തീവ്രവാദത്തിന് എതിരായിട്ടുള്ള ഐക്യബോധം മുസ്ലീം സമൂഹത്തിന് ഉള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന് വരണമെന്ന് അദ്ദേഹം പറഞ്ഞു.
ഷാര്‍ജ ഫുട്ബോള്‍ ക്ലബ് മൈതാനത്തെ ഈദ്ഗാഹിന് ഹുസൈന്‍ സലഫി നേതൃത്വം നല്‍കി. നൂറുകണക്കിന് മലയാളികളാണ് ഇവിടെ ഒത്തുകൂടിയത്.
ഖത്തറില്‍ 305 കേന്ദ്രങ്ങളിലാണ് പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ നടന്നത്. ചൂട് കൂടുതലുള്ള കാലാവസ്ഥ ആയതിനാല്‍ പെരുന്നാള്‍ നമസ്ക്കാരവും അനുബന്ധ ചടങ്ങുകളും 15 മിനിറ്റില്‍ കൂടരുതെന്ന് മതകാര്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രാര്‍ത്ഥനകള്‍ പതിവിലും നേരത്തെ അവസാനിച്ചിരുന്നു.
ഒമാന്‍ തലസ്ഥാനമായ മസ്ക്കറ്റിലെ പ്രധാന പള്ളികളായ റൂവി ഖാബൂസ് മസ്ജിദ്, സൈദ് ബിന്‍ തൈമൂര്‍ മസ്ജിദ്, സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍റ് മോസ്ക്ക് എന്നിവിടങ്ങളില്‍ നടന്ന പെരുന്നാള്‍ നമസ്ക്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
കുവൈറ്റ്, ബഹ്റിന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും വിപുമായ പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ നടന്നു.
