ലാഹോര്‍: പാകിസ്ഥാനില്‍ ഒരാഴ്ച മുന്‍പ് കാണാതായ എട്ടുവയസുകാരി പീഡനത്തിനിരായായി കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയതോടെ ജനക്കൂട്ടം അക്രമാസക്തമായി തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന കസൂര്‍ ജില്ലയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ നാലാം തീയ്യതിയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയില്‍ പോയിരിക്കുകയായിരുന്നതിനാല്‍ കുട്ടി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു. വീട്ടില്‍ നിന്ന് ട്യൂഷന്‍ ക്ലാസിന് പോയ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് കണ്ടെത്തിയത്. അന്വേഷണത്തൊടുവില്‍ കഴിഞ്ഞ ദിവസമാണ് മാലിന്യ കൂമ്പാരത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് ഫോറന്‍സിക് വിദഗ്ദര്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായാണ് മരണമെന്നും വ്യക്തമായി. പ്രതി കുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വാര്‍ത്ത പുറത്തുവന്നതോടെ പഞ്ചാബ് പ്രവിശ്യയില്‍ പ്രതിഷേധം അക്രമാസ്‌കതമായി. പൊലീസിന്റെ അനാസ്ഥക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴിയും വ്യാപക പ്രചരണം നടക്കുന്നുണ്ട്. ഇതിനിടെയാണ് വടിയും ആയുധങ്ങളുമായി തെരുവിലിറങ്ങിയ ജനങ്ങള്‍ക്ക് നേരെ പൊലീസ് വെടിവെച്ചത്. ആകാശത്തേക്ക് വെടിവെയ്‌ക്കാന്‍ മേലുദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് നേരെ പൊലീസുദ്ദ്യോഗസ്ഥന്‍ വെടിവെയ്‌ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. രണ്ടു പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. 

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നാലുപേരെ പിടികൂടിയിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കള്‍ സൗദിയില്‍ നിന്ന് പാകിസ്ഥാനില്‍ തിരിച്ചെത്തിയിട്ടുണ്ട്. നീതി ലഭിക്കുന്നത് വരെ മകളുടെ മൃതദേഹം മറവ് ചെയ്യില്ലെന്ന് പിതാവ് പറഞ്ഞു. രാഷ്‌ട്രീയക്കാര്‍ക്ക് മാത്രമാണ് പൊലീസ് സുരക്ഷ ഒരുക്കുന്നതെന്നും സാധാരണക്കാര്‍ക്ക് യാതൊരു വിലയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.