രാവിലെ 9 മണിയോടെയാണ് സംഭവം. തിരക്കുള്ള പ്രദേശത്തെ ബഹുനിലക്കെട്ടിടത്തിന് സമീപത്താണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. കെട്ടിടത്തിന്റെ ഏറ്റവും താഴെ പ്രവര്‍ത്തിക്കുന്ന പഴക്കടയ്ക്ക് മുന്നിലായിരുന്നു സ്‌ഫോടനം
കൊല്‍ക്കത്ത: നോര്‍ത്ത് 24 പര്‍ഗാനയിലെ നഗര്‍ബസാറില്‍ വ്യാപാര സമുച്ചയത്തിന് സമീപത്ത് സ്‌ഫോടനം. സ്‌ഫോടനത്തില്‍ പരിക്കേറ്റ എട്ടുവയസ്സുള്ള കുഞ്ഞ് മരിച്ചു. മറ്റ് നാല് പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ 9 മണിയോടെയാണ് സംഭവം. തിരക്കുള്ള പ്രദേശത്തെ ബഹുനിലക്കെട്ടിടത്തിന് സമീപത്താണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. കെട്ടിടത്തിന്റെ ഏറ്റവും താഴെ പ്രവര്‍ത്തിക്കുന്ന പഴക്കടയ്ക്ക് മുന്നിലായിരുന്നു സ്‌ഫോടനം. ഭീകരമായ ശബ്ദത്തെ തുടര്‍ന്ന് ആളുകള്‍ ഏറെ നേരത്തേക്ക് പരിഭ്രാന്തരായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുവെന്നായിരുന്നു എല്ലാവരും കരുതിയത്.
തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദപരിശോധന നടത്തി. ഏത് തരത്തിലുള്ള സ്‌ഫോടകവസ്തുക്കളുപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് വ്യക്തമായിട്ടില്ലെങ്കിലും തീവ്രതയുള്ള സ്‌ഫോടനം തന്നെയാണ് നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇതിനിടെ സ്‌ഫോടനം രാഷ്ട്രീയ അതിക്രമമാണെന്ന് ആരോപിച്ച് സൗത്ത് ദം ദം മുനിസിപ്പാലിറ്റി ചെയര്‍മാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പഞ്ചു റോയ് രംഗത്തെത്തി. എന്നാല്‍ ഇക്കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനകത്ത് നിന്നോ മറ്റ് പാര്‍ട്ടികള്‍ക്കകത്ത് നിന്നോ ഇതുവരെ ഒരു പ്രതികരണവും വന്നിട്ടില്ല.
