ഹാജർ വിളിക്കാനൊരുമ്പെട്ട ടീച്ചറോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കയ്യിലിരുന്ന പണക്കുടുക്ക നീട്ടി. എത്രയുണ്ടെന്ന് അറിയില്ല. അതെത്രയായിരുന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ തയ്യാറായിട്ടായിരുന്നു അവന്റെ വരവ്. കുടുക്ക പൊട്ടിച്ച് എണ്ണി നോക്കിയപ്പോൾ 947 രൂപ.
മലപ്പുറം: ബൈബിളിലെ ദരിദ്രയായ വിധവ തന്റെ ഇല്ലായ്മയിൽ നിന്നാണ് ഭണ്ഡാരത്തിൽ രണ്ട് ചെമ്പ് നാണയത്തുട്ടുകൾ നിക്ഷേപിച്ചത്. അത് കണ്ട ക്രിസ്തു പറഞ്ഞത് മറ്റാരെയുംകാൾ കൂടുതൽ നിക്ഷേപം നൽകിയിരിക്കുന്നത് ആ വിധവയാണെന്നാണ്. എന്തെന്നാൽ അവളുടെ ദാരിദ്ര്യത്തിൽ നിന്നെത്രേ അവൾ നിക്ഷേപിച്ചത്. പ്രളയക്കെടുതിയിൽ ആഴ്ന്നുപോയ കേരളത്തെ കൈപിടിച്ചുയർത്തിയത് ഇത്തരം അനവധി കുഞ്ഞുനിക്ഷേപങ്ങളാണ്. കുഞ്ഞുങ്ങളുടെ പണക്കുടുക്ക മുതൽ തെരുവിൽ ഭിക്ഷയെടുക്കുന്നവർ വരെ തങ്ങളുടെ സമ്പാദ്യത്തിലൊരു പങ്ക് വെള്ളപ്പൊക്കത്തിന്റെ ദുരിതമണയ്ക്കാൻ സംഭാവന നൽകി.
ആ പട്ടികയിലേക്ക് ഇനി ഒരു പേര് കൂടി എഴുതിച്ചേർക്കാം. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ മുണ്ടേരി ഗവൺമെന്റ് സ്കൂളിലെ മൂന്നാം ക്ലാസ്സുകാരൻ മുഹമ്മദ് റഹീസ്. എട്ടുവയസ്സേയുള്ളൂ മുഹമ്മദ് റഹീസിന്. അഞ്ചു വയസ്സുമുതൽ താൻ പൊന്നുപോലെ സൂക്ഷിച്ച കുടുക്കയുമായിട്ടാണ് അവൻ ഒരു ദിവസം സ്കൂളിലെത്തിയത്. ഹാജർ വിളിക്കാനൊരുമ്പെട്ട ടീച്ചറോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കയ്യിലിരുന്ന പണക്കുടുക്ക നീട്ടി. എത്രയുണ്ടെന്ന് അറിയില്ല. അതെത്രയായിരുന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ തയ്യാറായിട്ടായിരുന്നു അവന്റെ വരവ്. കുടുക്ക പൊട്ടിച്ച് എണ്ണി നോക്കിയപ്പോൾ 947 രൂപ. പത്തും ഇരുപതും പൈസ വരെയുണ്ടായിരുന്നു അതിൽ എന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
എന്തായാലും മുഹമ്മദ് റഹീസിന്റെ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിക്കാൻ പ്രധാനാധ്യാപിക ഏറ്റുവാങ്ങിയിട്ടുണ്ട്. കൂട്ടുകാർക്കിടയിൽ താരമായിരിക്കുകയാണ് ഇപ്പോൾ ഈ മൂന്നാം ക്ലാസ്സുകാരൻ. ഇത്തരം ചെറിയ കാഴ്ചകൾക്ക് പോലും എത്ര വലിയ പ്രളയക്കെടുതികളെയും മായ്ച്ചു കളയാൻ തക്ക കരുത്തുണ്ട്. വിലമതിക്കാനാകാത്ത ഇത്തരം കുഞ്ഞു സമ്പാദ്യങ്ങൾ കേരളത്തെ പടുത്തുയർത്തുക തന്നെ ചെയ്യുമെന്നുറപ്പ്.
