മൂന്നു വർഷത്തിനുള്ളിൽ ഹൈദരാബാദിൽ വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് എൺപതോളം നവജാതശിശുക്കളെയാണെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഇവയിലേറെയും പെൺകുഞ്ഞുങ്ങളാണെന്നതാണ് ഏറെ വേദനിപ്പിക്കുന്ന വസ്തുത.
ഹൈദരാബാദ്: ആഴ്ചകൾക്ക് മുമ്പാണ് ഹൈദരാബാദ് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് മാസം പ്രായമുള്ള നവജാത ശിശുവിനെ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് സംസ്ഥാനത്തെ വനിതാ ശിശുവികസന മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഹൈദരാബാദിൽ വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് എൺപതോളം നവജാതശിശുക്കളെയാണെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഇവയിലേറെയും പെൺകുഞ്ഞുങ്ങളാണെന്നതാണ് ഏറെ വേദനിപ്പിക്കുന്ന വസ്തുത.
ഈ വർഷം കണ്ടെത്തിയത് പത്തൊൻപത് ശിശുക്കളെയാണ്. എല്ലാ മാസവും നാലു കുട്ടികളെയെങ്കിലും കിട്ടാറുണ്ടെന്ന് വനിതാ ശിശുവികസന മന്ത്രാലയം അധികൃതർ വെളിപ്പെടുത്തുന്നു. ദേവാലയങ്ങളിലും ആശുപത്രികളിലും മെട്രോ-റെയിൽവേ സ്റ്റേഷനുകളിലും നിന്നാണ് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. നൽഗോണ്ട, സംഗറെഡ്ഡി ജില്ലകളിൽ നിന്നാണ് കൂടുതൽ കുഞ്ഞുങ്ങളെ ലഭിച്ചിട്ടുള്ളത്.
തൊട്ടിൽ സംവിധാനങ്ങൾ നഗരത്തിൽ ഉണ്ടെങ്കിലും അതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് കുഞ്ഞുങ്ങളെ തെരുവിലും മറ്റും ഉപേക്ഷിക്കാൻ കാരണമായിത്തീരുന്നത്. ചവറുകൂനകളിലും ദേവാലയങ്ങളിലും ഓടയിലും വരെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരുണ്ട്. കുഞ്ഞുങ്ങളെ ഇത്തരത്തിൽ തള്ളിക്കളയുന്നതിനെതിരെ ബോധവത്കരണം നടത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.
