Asianet News MalayalamAsianet News Malayalam

'മോദി ജീ, ആര്‍ക്കാണ് അച്ചേ ദിന്‍ ഉണ്ടായത്?'; ബിജെപി നേതാവിന്റെ തകര്‍പ്പന്‍ വീഡിയോ...

'ജനങ്ങള്‍ വളരെയധികം പ്രശ്‌നത്തിലാണ് മോദി ജീ, ആര്‍ക്കെങ്കിലും അച്ചേ ദിന്‍ ഉണ്ടായോയെന്ന് എനിക്ക് സംശയമാണ്. ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അതൊരിക്കലും സാധാരണക്കാരനായിരിക്കില്ല'

elder bjp leader teases modi and railway minister through selfie video
Author
Delhi, First Published Dec 26, 2018, 6:09 PM IST

ദില്ലി: ട്രെയിന്‍ സമയത്തിന് എത്തിയില്ലെങ്കില്‍, മണിക്കൂറുകളോളം എവിടെയെങ്കിലും പിടിച്ചിടുമ്പോള്‍, കുടിക്കാന്‍ വെള്ളം പോലും കിട്ടാതിരിക്കുമ്പോഴൊക്കെ നമ്മള്‍ റെയില്‍വേ അധികൃതരെ ശകാരിക്കാറുണ്ടല്ലോ. എന്നാല്‍ കൃത്യമായി ഈ പ്രശ്‌നങ്ങളെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ്, ഇതിന് തീരുമാനമുണ്ടാക്കണമെന്ന് അധികാരപ്പെട്ടവരോട് സധൈര്യം പറഞ്ഞിരിക്കുകയാണ് അമൃത്സറില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ബിജെപി നേതാവ്. 

വെറുമൊരു നേതാവ് മാത്രമല്ല ലക്ഷ്മി കാന്ത ചൗള. പഞ്ചാബിന്റെ മുന്‍ മന്ത്രി കൂടിയാണ് ഇവര്‍. കോളേജ് അധ്യാപികയായിരുന്ന ലക്ഷ്മിക്ക് വര്‍ഷങ്ങളുടെ പ്രവര്‍ത്തനാനുഭവവും രാഷ്ട്രീയത്തിലുണ്ട്. 

അമൃത്സറില്‍ നിന്ന് അയോധ്യയിലേക്ക് പോവുകയായിരുന്ന സരയു-യമുന ട്രെയിന്‍ പത്ത് മണിക്കൂറോളം ഒരിടത്ത് പിടിച്ചിട്ടതിനെ തുടര്‍ന്ന് ട്രെയിനിനകത്ത് വച്ച് തന്നെ എടുത്ത വീഡിയോയിലാണ് ലക്ഷ്മി റെയില്‍വേയുടെ കെടുകാര്യസ്ഥതയെ പറ്റി വിശദീകരിച്ചത്. 

'ഞങ്ങളെ പോലെയുള്ള സാധാരണക്കാരുടെ പ്രശ്‌നം നിങ്ങള്‍ മനസ്സിലാക്കണം. സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും എനിക്ക് സമര്‍പ്പിക്കാനുള്ള ഏക അപേക്ഷയിതാണ്. കഴിഞ്ഞ 24 മണിക്കൂറായി ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുന്നു. ട്രെയിന്‍ അതിന്റെ ദിശ മാറ്റി, മണിക്കൂറുകള്‍ വൈകി, ആരും ഒരു വിവരവും യാത്രക്കാര്‍ക്ക് നല്‍കുന്നില്ല. കഴിക്കാന്‍ ഭക്ഷണം പോലും ലഭ്യമല്ലാത്ത സാഹചര്യമാണ്.'- ലക്ഷ്മി വീഡിയോയില്‍ പറഞ്ഞു. 

വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണെന്ന് സ്വയം അവകാശപ്പെടുന്ന മോദി സര്‍ക്കാരിനെ ബുള്ളറ്റ് ട്രെയിനിന്റെ പേരിലും ലക്ഷ്മി പരിഹസിച്ചു. മോദിയുടെയും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെയും പേരെടുത്തുപറഞ്ഞായിരുന്നു വിമര്‍ശനം.

'മോദി ജീ, പീയുഷ് ഗോയല്‍ ജീ, മണിക്കൂറില്‍ 12ഉം 200ഉം കിലോമീറ്റര്‍ താണ്ടുന്ന ട്രെയിനിന്റെ കാര്യം നിങ്ങള്‍ വിടൂ. നിലവില്‍ ഉള്ളത് നന്നായി നടത്തിക്കൊണ്ടുപോകൂ ആദ്യം. ജനങ്ങള്‍ വണ്ടി കാത്ത് വഴിയിലാണ് നില്‍ക്കുന്നത്. വെയിറ്റിംഗ് റൂമുകള്‍ പോലുമില്ല. കഠിനമായ തണുപ്പില്‍ പോലും അവര്‍ക്ക് അതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. തൊഴിലാളികളും കര്‍ഷകരും സാധാരണക്കാരായ പട്ടാളക്കാരും പാവങ്ങളും സഞ്ചരിക്കുന്ന ട്രെയിനുകളുടെ അവസ്ഥയിതാണ് '- ലക്ഷ്മി പറഞ്ഞു. 

റെയില്‍വേയുടെ പ്രവര്‍ത്തനത്തെ അടിമുടി കുറ്റപ്പെടുത്തിയ ലക്ഷ്മി മോദിയുടെ ഭരണത്തെയും ഒടുവില്‍ രൂക്ഷമായി വിമര്‍ശിച്ചു. 

'ജനങ്ങള്‍ വളരെയധികം പ്രശ്‌നത്തിലാണ് മോദി ജീ, ആര്‍ക്കെങ്കിലും അച്ചേ ദിന്‍ ഉണ്ടായോയെന്ന് എനിക്ക് സംശയമാണ്. ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അതൊരിക്കലും സാധാരണക്കാരനായിരിക്കില്ല'- ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 

വീഡിയോ കാണാം...

Follow Us:
Download App:
  • android
  • ios