ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ വിശ്വാസ്യത ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് തുടരുമെന്ന നിലപാട് കമ്മിഷന്‍ വ്യക്തമാക്കും. അഴിമതി കേസുകളില്‍ ഉള്‍പ്പെട്ടവരെയും വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുന്നവരെയും കുറ്റപത്രം തയ്യാറാക്കുമ്പോള്‍ മുതല്‍ അയോഗ്യരാക്കണമെന്ന നിര്‍ദ്ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു വയ്‌ക്കും.

ആറു ദേശീയ പാര്‍ട്ടികള്‍ക്കു പുറമെ 48 സംസ്ഥാന കക്ഷികളെയും ഇന്ന് നടക്കുന്ന സര്‍വ്വകക്ഷി യോഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ഷണിച്ചിട്ടുണ്ട്. അഞ്ച് വിഷയങ്ങളാണ് യോഗത്തിന്റെ അജണ്ടയിലുള്ളത്. ഇതില്‍ അഞ്ചാമത്തെ വിഷയമായാണ് വിവിപാറ്റ് സംവിധാനം എല്ലാ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലും ഘടിപ്പിക്കുന്ന വിഷയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവിഎമ്മിനെതിരെയുള്ള പ്രതിപക്ഷ ആരോപണം പ്രധാന ചര്‍ച്ചയായി മാറാനാണ് സാധ്യത. ആം ആദ്മി പാര്‍ട്ടി ദില്ലി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താം എന്ന് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള മെഷീനല്ല ദില്ലി നിയമസഭയില്‍ കൊണ്ടുവന്നതെന്ന് കമ്മിഷനും ചൂണ്ടിക്കാട്ടി. കമ്മിഷന്റെ പക്കലുള്ള മെഷീനില്‍ തിരിമറി നടത്തി കാണിക്കാന്‍ വെല്ലുവിളിച്ച കമ്മിഷന്‍ ഇതിന് എങ്ങനെ അവസരം നല്കുമെന്ന് യോഗത്തില്‍ വ്യക്തമാക്കിയേക്കും. ഒപ്പം വിവിപാറ്റ് സംവിധാനം എപ്പോള്‍ എല്ലാ യന്ത്രങ്ങളുമായും ബന്ധിപ്പിക്കാന്‍ കഴിയും എന്ന വിഷയത്തിലും കമ്മിഷന്‍ നിലപാടു പറയും. വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കി സ്വാധീനിക്കുന്നത് വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാന്‍ കഴിയുന്ന കുറ്റമാക്കി ശിക്ഷ രണ്ടു വര്‍ഷമായി വര്‍ദ്ധിപ്പിക്കണം എന്ന നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് മുന്നോട്ടു വച്ചു. കൈക്കൂലി നല്കുന്നവരെയും ഗുരുതര കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെയും കുറ്റപത്രം വരുമ്പോള്‍ തന്നെ അയോഗ്യരാക്കണം എന്ന നിര്‍ദ്ദേശവും ചര്‍ച്ചയ്‌ക്കു വരും. തെരഞ്ഞെടുപ്പിന് ആറു മാസം മുമ്പെങ്കിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കായിരിക്കും ഇത് ബാധകം.