അഹമദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഇടയലേഖനം വായിച്ച ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്‌വാന് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ദേശീയ ശക്തികള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനും അവരെ കരുതിയിരിക്കാനും ബിഷപ്പ് ഇടയലേഖനത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഈ ഇടയലേഖനത്തിന്റെ പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്. ലീഗല്‍ റെറ്റ്‌സ് ഒബ്‌സര്‍വേറ്ററി എന്ന സംഘടനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. 

സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വന്ന ഇടയലേഖനം ബിജെപി സര്‍ക്കാറിനെ പ്രകോപിപ്പിച്ചിരുന്നു. രാജ്യത്തെ ഒന്നിച്ചു നിര്‍ത്തിയിരുന്ന ജനാധിപത്യം ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതത്വബോധം വളര്‍ന്നു വരുന്നു. പക്ഷപാതിത്വമില്ലാതെ മനുഷ്യത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ഥികളെയാണ് വിജയിപ്പിക്കേണ്ടതെന്നുമാണ് ബിഷപ്പ് ഇടയലേഖനത്തിലൂടെ വിശ്വാസികളെ അറിയിച്ചത്. രാജ്യത്തിന്റെ ഭാവി  ഈ തെരഞ്ഞെടുപ്പ് നിര്‍ണയിക്കും. കുടുംബത്തോടൊപ്പം പ്രാര്‍ത്ഥിക്കുക. പല രാജ്യങ്ങളിലേയും കമ്യൂണിസ്റ്റ് സര്‍ക്കാറുകളെ താഴെയിറക്കിയത് പരിശുദ്ധയായ മേരിയുടെ അനുഗ്രഹ ഫലമായാണെന്നും ആര്‍ച്ച്ബിഷപ്പ് തോമസ് മഗ്‌വാന്‍ ഇടയലേഖനത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

ഗുജറാത്തില്‍ 0.5 ശതമാനമുള്ള ക്രിസ്ത്യന്‍ വിഭാഗം കോണ്‍ഗ്രസിനെ പിന്തുണക്കുന്ന സമീപനമാണ് ഇത്തവണത്തെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചിട്ടുള്ളത്. ബിജെപിക്കൊപ്പമായിരുന്ന ക്രിസ്ത്യന്‍ വിഭാഗം, അടുത്ത കാലത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ വ്യാപകമായ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിലേക്ക് ചുവട് മാറ്റിയത്.