ആദ്യമായാണ് എല്ലാ ജനപ്രതിനിധി സഭകളിലേയ്‌ക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നത്. സര്‍ക്കാരും രാഷ്‌ട്രീയപാര്‍ട്ടികളും പൊതുധാരണയിലെത്തുമെങ്കില്‍ പഞ്ചായത്ത് തലം മുതല്‍ ലോക്‌സഭ വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് നല്‍കിയ മറുപടിയില്‍ പറയുന്നു. രാജ്യമൊട്ടാകെ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന്‍റെ പ്രായോഗികത പരിശോധിയ്‌ക്കണമെന്ന് നിയമമന്ത്രാലയത്തിന്‍റെ പാര്‍ലമെന്‍ററി സമിതി ശുപാര്‍ശ ചെയ്തിരുന്നു. 

എന്നാല്‍ ഇതിന് വലിയ സന്നാഹം തന്നെ വേണ്ടി വരുമെന്ന് സമിതിയുടെ ശുപാര്‍ശയ്‌ക്ക് നല്‍കിയ മറുപടിയില്‍ കമ്മീഷന്‍ വ്യക്തമാക്കി. എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെങ്കില്‍ ചില സംസ്ഥാന നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടി വരും. ഇതിന് ഭരണഘടനാഭേദഗതി വേണം. കൂടുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങുന്നതിനും മറ്റ് ഒരുക്കങ്ങള്‍ നടത്തുന്നതിനും 9,284.15 കോടി രൂപയുടെ അധികച്ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഒറ്റത്തെരഞ്ഞെടുപ്പിന് രാജ്യം മുഴുവന്‍ അര്‍ദ്ധസൈനികവിഭാഗങ്ങളുടെ വലിയ വിന്യാസം വേണ്ടി വരും. എങ്കിലും ഒരു തവണ ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പിന്നീട് വര്‍ഷം മുഴുവന്‍ പലഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ അധികച്ചെലവ് ഒഴിവാക്കാനാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ ഈ നടപടികളുമായി മുന്നോട്ടുപോയാല്‍ 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം കേരളവും നിയമസഭാ തെരഞ്ഞെടുപ്പിലേയ്‌ക്ക് നീങ്ങേണ്ടി വരും. ഒറ്റത്തെരഞ്ഞെടുപ്പെന്ന ആശയം രാജ്യത്ത് ഇതാദ്യമായല്ല. 1951-52 ലെ ആദ്യ തെരഞ്ഞെടുപ്പും ഒറ്റഘട്ടമായാണ് നടന്നത്. 1957, 62, 67 എന്നീ വര്‍ഷങ്ങളിലും ഈ രീതി തുടര്‍ന്നു. പിന്നീട് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാകാതെ താഴെ വീണ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പലഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.