രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദേശത്തു കഴിയുന്ന പ്രവാസി സമൂഹത്തിന്‍റെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി അഭിപ്രായ സർവേ നടത്തുമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇക്കാര്യത്തിൽ പ്രവാസികളിൽ നിന്നും അഭിപ്രായങ്ങൾ തേടുന്നത്.

സർവേക്കായുള്ള പ്രത്യേക ലിങ്ക് വഴി സൈറ്റിൽ രജിസ്റ്റർ ചെയ്തോ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴിയോ ലോഗിൻ ചെയ്തു സർവേയിൽ പങ്കെടുക്കാം. സർവേയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു നൽകുന്നു. 
നിലവിൽ വോട്ടർ കാർഡുണ്ടോ, എൻ.ആർ.ഐ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുണ്ടോ മുമ്പ് നാട്ടിൽ വോട്ടു ചെയ്തിട്ടുണ്ടോ തുടങ്ങിയ അന്വേഷണങ്ങൾക്ക് ശേഷം വിദേശത്തിരുന്നു ഏതു രീതിയിൽ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യവും സർവേയിൽ ഉന്നയിക്കുന്നു. അതാത് രാജ്യത്തെ എംബസിയിൽ പോയി വോട്ടു ചെയ്യുക, ഇ ബാലറ്റ് വഴി വോട്ടു ചെയ്യുക, പോസ്റ്റൽ ബാലറ്റ് എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടു വെക്കുന്ന ഓപ്‌ഷനുകൾ.

വോട്ടവകാശം ഏതൊക്കെ പ്രവാസി സമൂഹത്തിനു അനുവദിക്കണമെന്നും പ്രായം സംബന്ധിച്ചും അഭിപ്രായങ്ങൾ ആരായുന്നുണ്ടെങ്കിലും പ്രവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഓൺലൈൻ വോട്ടിങ് രീതിയെ കുറിച്ച് സർവേയിൽ പരാമർശമില്ല. പ്രവാസികൾക്ക് വോട്ടവകാശം അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ നടപടികൾ വേഗത്തിലാക്കിയതെന്നാണ് സൂചന.

നേരത്തെ പ്രവാസി വോട്ടിനോട് താൽപര്യം കാണിക്കാതിരുന്ന കേന്ദ്ര സർക്കാർ പിന്നീട് കോടതി ഉത്തരവിനെ തുടർന്ന് നിലപാടിൽ മാറ്റം വരുത്തിയിരുന്നു.നിലവിൽ പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അനുമതിയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിൽ പോയി വോട്ടവകാശം വിനിയോഗിക്കാൻ കഴിയാത്തതാണ് തടസ്സമായി നിൽക്കുന്നത്.